സീതാരാമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയ്‌ക്ക് പ്രിയങ്കരിയായ താരമാണ് മൃണാൾ താക്കൂർ. ഇപ്പോഴിതാ വീണ്ടും ഒരു തെലുഗു ചിത്രത്തിൽ നായികയായി എത്തുകയാണ് മൃണാൾ. ഇത്തവണ വിജയ് ദേവരക്കൊണ്ടയുടെ നായികയായാണ് നടി എത്തുന്നത്. സിനിമയുടെ പൂജ ഇന്ന് ഹൈദരാബാദിൽ വെച്ച് നടന്നു. മൃണാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്.
ദുൽഖർ സൽമാനൊപ്പം അഭിനയിച്ച സീതാരാമം തെലുങ്കിൽ മൃണാളിന് ഒരു വലിയ ഇടം സൃഷ്ടിച്ച ചിത്രമാണ്. ഇതിന് മുൻപ് നാനിക്കൊപ്പം മറ്റൊരു തെലുങ്ക് ചിത്രത്തിലും മൃണാൽ നായികയായിരുന്നു. ആദ്യമായാണ് വിജയ് ദേവരകൊണ്ടയും മൃണാലും ഒന്നിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പരശുറാം പെട്‌ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. സീതാരാമത്തിനു ശേഷം മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നായികയാണ് മൃണാൽ താക്കൂർ. നിലവിൽ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രത്തിലും സജീവ സാന്നിധ്യമാണ് താരം. ലൈഗർ ആയിരുന്നു വിജയ് ദേവരക്കൊണ്ടയുടെ അവസാന ചിത്രം. സാമന്തയ്‌ക്കൊപ്പം ഖുഷിയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.















