മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അപർണ ബാലമുരളി. മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങൾ ചെയ്ത അപർണ തമിഴിലും ശ്രദ്ധേയമാണ്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. ശേഷം ഒരുപിടി ചിത്രങ്ങളുമായി തിളങ്ങുന്ന അപർണയുടെ അടുത്ത തമിഴ് ചിത്രം ധനുഷിനൊപ്പമാണ്.
ധനുഷ് സംവിധായകനാകുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രമാകുന്നത്. എന്നാൽ ചിത്രത്തിൽ ധനുഷിന്റെ നായികയായിട്ടല്ല അപർണ എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. റായൻ എന്ന ചിത്രത്തിലാണ് ഒരു പ്രധാനകഥാപാത്രമായി അപർണ എത്തുന്നത്. ധനുഷ് ചിത്രത്തിന്റെ ഭാഗമായി അപർണ ബാലമുരളി എത്തുന്നത് ഇത് ആദ്യമായാണ്. ധനുഷിന്റെ അമ്പതാമത് ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൽ എസ്. ജെ സൂര്യയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിൽ ധനുഷിന്റെ ചേട്ടന്റെ വേഷത്തിലെത്തുന്ന സുധീഷ് കൃഷ്ണന്റെ നായിരകയായാണ് അപർണ എത്തുക. ചിത്രത്തിൽ തുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ചിത്രം അടുത്തമാസം ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും.















