ആരാധകരേറെയുള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. വെള്ളിത്തിരയിൽ സജീവമല്ലെങ്കിൽ കൂടി നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ
താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവെയ്‌ക്കാറുണ്ട്. ഇടയ്‌ക്ക് മീനാക്ഷി ഡാൻസ് വീഡിയോകളും പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സിലൗട്ട് മാതൃകയിൽ ചുവടുകൾ വെയ്‌ക്കുന്ന മീനാക്ഷിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മൗല മേര എന്ന ഗാനത്തിന് വളരെ മനോഹരമായാണ് മീനാക്ഷി ചുവടുകൾ വെച്ചിരിക്കുന്നത്. മീനാക്ഷിയാണ് ചുവടുവെച്ചതെങ്കിലും കമന്റ് ബോക്‌സിൽ നിറയുന്നത് അമ്മ മഞ്ജു വാര്യരെക്കുറിച്ചുള്ള കമന്റുകളാണ്. അമ്മയുടെ അല്ലേ മോൾ ഒട്ടും മോശമാവില്ല, അമ്മയുടെ മോൾ തന്നെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. മകളപ്പോലെ തന്നെ നൃത്തത്തെ വളരെയധികം സ്‌നേഹിക്കുന്ന താരമാണ് മഞ്ജു വാര്യർ. അഭിനയ ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഇടവേള കിട്ടുമ്പോഴെല്ലാം മഞ്ജു നൃത്തത്തെ ചേർത്തു പിടിക്കാറുണ്ട്.
അച്ഛനും അമ്മയും സിനിമ മേഖലയിൽ സജീവമാണെങ്കിലും അഭിനയത്തോട് മീനാക്ഷിയ്‌ക്ക് കമ്പമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടറാകാനുള്ള തയാറെടുപ്പിലാണ്. ഡോ.മീനാക്ഷി എന്ന് അറിയപ്പെടണമെന്നാണ് മകളുടെ താൽപ്പര്യമെന്നും ദിലീപ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്.
Comments