തിരുവനന്തപുരം; ചുളുവിന് പണം സമ്പാദിക്കാമെന്ന് പറഞ്ഞാൽ ചാടിവീഴുന്ന കാര്യത്തിൽ മലയാളിയെ കഴിഞ്ഞെ ആരും വരൂ എന്നാണ് പൊതുവെയുള്ള സംസാരം. അത് ഉറപ്പിക്കുന്നതാണ് ദിനം പ്രതി പുറത്തുവരുന്ന ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. തട്ടിപ്പു സംഘങ്ങളുടെ കെണിയിൽ വീഴുന്നവരിൽ ഏറെയും ഡിജിറ്റൽ സാക്ഷരതയും ഉന്നത പദവിയും ഉള്ളവരെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 6 മാസത്തിനിടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ മോഹന വാഗ്ദാനങ്ങളിൽ വീണ് 1.28 കോടി രൂപയാണ് തിരുവനന്തപുരത്ത് പലർക്കായി നഷ്ടപ്പെട്ടതെന്നാണ് വിവരം. എന്നാൽ പണം നഷ്ടപ്പെടുന്ന മിക്കവരും മാനഹാനി ഭയന്ന് പോലീസിനെ അറിയിക്കുന്നുമില്ല.
നിലവിൽ ന്യൂജെൻ തട്ടിപ്പാണ് ഇപ്പോൾ വ്യാപകമാകുന്നത്. ഹോളിവുഡ് സിനിമകൾക്ക് ഓൺലൈൻ റിവ്യൂ നൽകി കോടികൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടൽ.മണക്കാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപയാണ് തട്ടിച്ചത്. വ്യാജ വെബ് സൈറ്റുകൾ നിർമിച്ച് അതിന്റെ യൂസർ ഐഡിയും പാസ്വേഡും മണക്കാട് സ്വദേശിക്ക് അയച്ചു കൊടുത്തു. ഇതു പ്രകാരം കുറച്ചു സിനിമകൾക്ക് റിവ്യൂ നൽകി. ഇതിന്റെ ലാഭവിഹിതം എന്ന പേരിൽ കുറച്ചു പണം ഇയാൾക്ക് അയച്ചു കൊടുത്ത് തട്ടിപ്പ് സംഘം വിശ്വാസം നേടി.
30 സിനിമകൾക്ക് റിവ്യൂ നൽകി കഴിഞ്ഞപ്പോൾ കോടികൾ ലാഭവിഹിതമായി കിട്ടുമെന്നും അത് പിൻവലിക്കാൻ നിശ്ചിത ശതമാനം തുക ആദ്യം അടയ്‌ക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് 22 ലക്ഷം രൂപ ഓൺലൈൻവഴി അയച്ചത്. ടെലിഗ്രാം വഴിയായിരുന്നു തട്ടിപ്പുകാർ സന്ദേശം അയച്ച് കെണിയിൽ വീഴ്‌ത്തിയത്.
ഓൺ ലൈൻ ട്രേഡിംഗ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും ഇപ്പോൾ മുൻപന്തിയിലാണ്്. ഫേസ്ബുക്കിലും ടെലിഗ്രാം ഗ്രൂപ്പുകളിലും നിരവധിപേർ ഇരയാകുന്നുണ്ടെന്നാണ് വിവരം.















