കേൾക്കുന്തോറും മനസിനെ ഭക്തിയുടെ പരകോടിയിൽ എത്തിക്കുന്ന ഗാനങ്ങൾ . തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങളെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം . ഓരോ മണ്ഡലകാലത്തിന്റെയും വരവറിയിച്ചാണ് തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വന്നുപോയത്.
സാക്ഷാൽ ഗാനഗന്ധർവ്വന്റെ ശബ്ദമാധുര്യത്തിൽ , ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി എഴുതി ഗംഗൈ അമരൻ ഈണം പകർന്ന വരികൾ ഒഴുകിയെത്തുന്ന വൃശ്ചികപുലരികൾ മലയാളികളെ കൊണ്ടെത്തിക്കുന്നത് നറുതിരിമണമുള്ള അയ്യപ്പസന്നിധിയിലേയ്‌ക്കാണ് .ഉദിച്ചുയര്‍ന്നു മാമലമേലെ, കാനനവാസാ കലിയുഗവരദ, മഹാപ്രഭോ, മന്ദാരം മലര്‍മഴ തുടങ്ങിയ പാട്ടുകളിന്നും നമുക്ക് സ്വന്തമാണ് .
തുളസീതീർഥത്തിലെ പാട്ടുകള്‍ നന്നായി വന്നതോടെ തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതാന്‍ യേശുദാസ് ചൊവ്വല്ലൂരിനെ തന്നെ ഏല്‍പ്പിച്ചു. ഇഷ്ടമുള്ള പാട്ടുകള്‍, ഇഷ്ടമുള്ള ശൈലിയില്‍ എഴുതാം. പക്ഷേ ഓരോ പാട്ടിലും പുതുമയും ചടുലതയുമൊക്കെ വേണമെന്നു മാത്രം. ഇതായിരുന്നു നിർദേശം . മനസിൽ അയ്യനെ കുടിയിരുത്തി വരികൾ ഒന്നൊന്നായി ഒഴുകിയെത്തി . അതിന്റെ ഈണവും . പാട്ടുകള്‍ പൂര്‍ത്തിയായതോടെ യേശുദാസിനെ കണ്ട് സമര്‍പ്പിച്ചു. ഇങ്ങനെയൊക്കെ മതിയാകുമോ എന്ന ചൊവ്വല്ലൂരിന്റെ എളിമ നിറഞ്ഞ ചോദ്യത്തിന് യേശുദാസ് തലകുലുക്കി
യേശുദാസ് നൽകിയ വരികൾ ശരണം വിളിച്ചാണ് ഗംഗൈഅമരൻ ഏറ്റുവാങ്ങിയത് . ഓരോ പാട്ടും മൂന്നു തവണ ചൊവ്വല്ലൂരിനെകൊണ്ട് വായിപ്പിക്കും. വരികളും ഭാവവവുമൊക്കെ കൃത്യമായി മനസ്സിലാക്കിയാണ് ഗംഗൈ അമരൻ. പാട്ടൊരുക്കിയത് .ഒറ്റയിരുപ്പില്‍ ഓരോ പാട്ടും പൂര്‍ത്തിയാക്കിയ ഗംഗൈഅമരൻ അതിശയമായിരുന്നുവെന്ന് ചൊവ്വല്ലൂർ പറയും . ഓരോ തവണയും ചൊവ്വലൂർ പാടുന്നത് കേട്ട് കണ്ണടച്ച് ഇരിക്കുന്ന ഗംഗൈഅമരൻ കണ്ണ് തുറക്കുന്നത് മലയാളിയെ ഏറെ മോഹിപ്പിച്ച ആ അയ്യപ്പഗാനങ്ങളുടെ വരികളുമായിട്ടായിരുന്നു .















