സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേഷനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. അതിനാൽ തന്നെ താരത്തിന്റെ ലുക്ക് എങ്ങനെയെന്നറിയാനുള്ള ആകാംക്ഷ സിനിമാ പ്രേമികൾക്കുണ്ടായിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
യുദ്ധക്കളത്തിൽ യോദ്ധാക്കളുടെ ശവശരീരങ്ങൾക്ക് നടുവിൽ തോക്കുമായി നിൽക്കുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 1930-40 കാലഘട്ടത്തിലെ കഥയായിരിക്കും സിനിമയിൽ പറയുക. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ധനുഷിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമായിരിക്കും ക്യാപ്റ്റൻ മില്ലർ. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
ജൂലൈയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങൾ. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് ചിത്രം നിർമ്മിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലുള്ള ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയായാണ് ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.
Comments