സോഷ്യൽമീഡിയ ത്രെഡ്സ് ആപ്പിന് നൽകിയത് വൻ സ്വീകരണമാണ്.ലോഞ്ചിന് പിന്നാലെ വമ്പൻ തരംഗമാണ് ത്രെഡ്സ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ആപ്പിൽ ഒരു കോടിയിലധികം ആളുകൾ ആദ്യ ഏഴു മണിക്കൂറിൽ ലോഗിൻ ചെയ്തത്. പരിമിതമായ വാക്കുകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ട്വിറ്ററിന് സമാനമായ ത്രെഡ്സ് ഇൻസ്റ്റാഗ്രാമുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
അതേസമയം ത്രെഡ്സിന്റെ ഗുണഗണങ്ങളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻചർച്ചകളും നടക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ളവർക്ക് ത്രെഡ്സിൽ യൂസർനെയിം ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. പുതിയ ഉപയോക്താക്കൾ ആദ്യം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്സിൽ ആ യൂസർ നെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യാം. എന്നുവെച്ചാൽ ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഇൻസ്റ്റാഗ്രാം പ്രാധാന്യം നൽകിയിരുന്നത് ഫോട്ടയ്ക്കും വീഡിയോയ്ക്കും മാത്രമാണ് പക്ഷെ ത്രെഡ്സ് പൂർണ്ണമായി എഴുത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ടൊരു കാര്യമെന്തെന്നാൽ ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ അത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെയും ബാധിക്കും എന്നതാണ്. ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ അതോടൊപ്പം ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിരവധിയാളുകൾ ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഇതിനകം രംഗത്തുവരികയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ത്രെഡ്സിൽ ഉപയോക്താക്കൾ വർദ്ധിച്ച് വരികയാണ്.















