കേരളത്തിൽ ഇപ്പോൾ പകർച്ച വ്യാധികളുടെ കാലമാണ്. പലതരത്തിലുള്ള പകർച്ച പനികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് സംസ്ഥാനം. ഇതിനോടകം തന്നെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് നിരവധിപ്പേർ മരിച്ചു. എലിപ്പനി പടരുന്നതും അതിനുള്ള പ്രതിവിധികളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയിലൂടെയാണ് എലിപ്പനി രോഗം ഉണ്ടാകുന്നത്. ഈ ബാക്ടീരിയ എലിയുടെ മൂത്രത്തിലൂടെയാണ് പുറത്ത് വരുന്നത്. ഒരു തുള്ളി എലിമൂത്രത്തിൽ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. ഈ ബാക്ടീരിയ എലിയെ കൂടാതെ നായ്‌ക്കൾ, ആട്, പന്നി എന്നിവയിലൂടെയും പടരാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും കലരുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ട് മുതൽ മൂന്നു മാസമെങ്കിലും എലിപ്പനി ഭീഷണി നിലനിൽക്കും. എന്നാൽ എലി മനുഷ്യനെ കടിക്കുന്നത് മൂലമാണ് എലിപ്പനി പടരുന്നത എന്നത് തെറ്റായ ധാരണയാണ്.
എലിപ്പനി പടരുന്നത് എങ്ങനെ
രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോൾ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തിൽ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കിൽ രാഗാണു പ്രവേശിക്കാൻ സാധ്യത കൂടും. ശരീരത്തിൽ മുറിവുകൾ ഇല്ലെങ്കിലും ദീർഘനേരം മലിന ജലത്തിൽ പണിയെടുക്കുന്നവരിലും ജലവുമായി സമ്പർക്കമുള്ള ത്വക്ക് മൃദുലമാകുകയും രോഗാണു ശരീരത്തിൽ പ്രവേശിക്കും. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാവുന്നതാണ്. ജോലി, മറ്റു പ്രവൃത്തികൾ സംബന്ധമായി രോഗാണുക്കൾ കലർന്ന ചെളിയുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. രോഗാണു കലർന്ന ജലം കുടിക്കുന്നതിലൂടെയും അസുഖം വരാവുന്നതാണ്. കുടിക്കുന്ന വെള്ളത്തിലൂടെയും അസുഖം വരാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 14 വരെ ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാവുന്നതാണ്. മറ്റു പകർച്ചപ്പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തിൽ എലിപ്പനിക്കും ഉണ്ടാകുന്നത്. ആരംഭത്തിൽ തന്നെ ശ്രദ്ധിച്ചാൽ എലിപ്പനി മനസ്സിലാക്കാം. ശക്തമായ പനി, തലവേദന, പേശിവേദന. പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും ഉണ്ടാകുന്ന വേദന. കാൽമുട്ടിന് താഴെയുള്ള പേശികളിൽ കൈവിരൽകൊണ്ട് അമർത്തുമ്പോൾ വേദന. എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൽ.
കണ്ണിന് ചുവപ്പ് നിറം, നീർവീഴ്ച, കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം. കണ്ണുകളിൽ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പ് നിറത്തിന് കാരണം. പനി, ശരീര വേദന, കണ്ണിന് ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക.
മഞ്ഞപ്പിത്തത്തിനും സാധ്യത
പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം പുരട്ടൽ, ഛർദി എന്നിവ ഉണ്ടാവുകയാണെങ്കിൽ എലിപ്പനിയുള്ള സമയത്ത് കൂടുതൽ ശ്രദ്ധിക്കണം. രോഗം കരളിനെ ബാധിക്കുന്നതുകൊണ്ടാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗത്തിന്റെ തീവ്രതയുടെ ലക്ഷണങ്ങളാണിവ. ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാം. ഇതിന് കാരണം ത്വക്കിൽ രക്തസ്രാവം ഉണ്ടാകുന്നതാണ്. രോഗം ഗുരുതരാവസ്ഥയിലാണെങ്കിൽ മൂക്കിൽ കൂടി രക്തസ്രാവം, രക്തം ഛർദിക്കുക, മലം കറുത്ത നിറത്തിൽ പോകുക എന്നിവയും ഉണ്ടാകാം. ചിലരിൽ പനിയോടൊപ്പം വയറിളക്കം, ഛർദി എന്നിവയും ഉണ്ടാകും.
രക്ത പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിക്കാം. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 5 -6 ദിവസങ്ങളിൽ പനി സുഖമാകും. 10 ശതമാനം ആളുകളിൽ ഗൗരവമായ സങ്കീർണതകൾ കാണപ്പെടുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. വൃക്കകളെ ബാധിച്ചാൽ അവയുടെ പ്രവർത്തനം നിലച്ച് മരണം സംഭവിക്കാനും സാധ്യതയുണ്ട്.
പ്രതിരോധം പ്രധാനം
മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തിൽ കളിക്കാൻ അനുവദിക്കരുത്. ശരീരത്തിൽ മുറിവുള്ളവർ ശുചീകരണ പ്രവർത്തനത്തിൽ ഇറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. പശു, മറ്റു കന്നുകാലികൾ, വളർത്തു മൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാൽ ഇത്തരം മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം.
കെട്ടിക്കിടക്കുന്ന ജലവുമായി സമ്പർക്കം ആവശ്യമായി വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കൈയുറകൾ, ബൂട്‌സ് എന്നിവ ധരിക്കുക. രോഗപ്രതിരോധത്തിന് ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക. മലിനജലത്തിൽ ചവിട്ടേണ്ടി വന്നാൽ കാലുകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകുക. കുടിവെള്ളം അഞ്ച് മിനിറ്റ് തിളപ്പിച്ച് ഉപയോഗിക്കുക. പാചകത്തിനും കുളിക്കാനും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക.
ചികിത്സ
പെൻസിലിൻ പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദമാണ്. എന്നാൽ, ആരംഭത്തിൽതന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം തേടുക.















