തിരുവനന്തപുരം: കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുലിനെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞു. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
തങ്ങൾക്ക് ഇഷ്ടമില്ലാത്ത വിധി പുറപ്പെടുവിച്ചതിന് നീതിപീഠത്തെ എതിർക്കുന്നത് ശരിയല്ല. വയനാട്ടിൽ എംപിയില്ലാത്ത സാഹചര്യമുണ്ടാക്കിയതിന് കോൺഗ്രസ് നേതൃത്വം വയനാട്ടുകാരോട് മാപ്പ് പറയണം. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന നടത്തി അയോഗ്യനായ രാഹുൽ വയനാടിന്റെ വികസനം നശിപ്പിച്ചിരിക്കുകയാണ്. വയനാട്ടുകാർക്ക് വേണ്ടി ലോക്‌സഭയിൽ ശബ്ദിക്കാൻ എംപി ഇല്ലാതായിരിക്കുകയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചരണം നടത്തി വിജയിച്ച കോൺഗ്രസ് ഇപ്പോൾ വയനാടിന് എംപി പോലുമില്ലാത്ത സാഹചര്യമുണ്ടാക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഗുജറാത്തിൽനിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. അപ്പീൽ തള്ളിയതിൽ അതിശയം ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം. വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ജാതി അധിക്ഷേപത്തിൽ സൂറത്ത് കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ നിരന്തരമായി ജാതി അധിക്ഷേപം നടത്താറുണ്ടെന്നും എംപി എന്ന സ്ഥാനത്തിരുന്നുകൊണ്ടാണ് വ്യക്തി കുറ്റകൃത്യം തുടരുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.















