കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ആരംഭിച്ചതോടെ സംസ്ഥാനത്തിന്ർറെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടായിസമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. പോളിംഗ് തുടങ്ങിയതോടെ കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഗുണ്ടായിസം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ എല്ലാ പരിധികളും ലംഘിച്ചെന്നും, മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറും കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.
ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നോർത്ത് 24 പർഗനാസിലെ ബസുദേബ്പൂരിലെ ടിഎംസി സ്ഥാനാർത്ഥി, ഒരു സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥിയെ കൊല്ലുകയും ചെയ്തു. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബൂത്ത് പിടിച്ചെടുക്കലിന്റെയും ഭാഷ മാത്രമേ ടിഎംസിക്ക് അറിയൂ. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജിയാണെന്നും സുകാന്ത മജുംദാർ ആഞ്ഞടിച്ചു. സംസ്ഥാനത്തെ പല പോളിംഗ് ബൂത്തുകളിൽ നിന്നും ടിഎംസിയുടെ പ്രവർത്തകർ ബാലറ്റുകൾ കൊള്ളയടിച്ചു. ഇതിന്റെ വീഡിയോ അടക്കം പങ്കുവെച്ചുകൊണ്ടാണ് മജുംദാർ വിമർശിച്ചത്.
എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കാൻ നിർദ്ദേശിച്ച കോടതിയുടെ ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാരും സംസ്ഥാന പോളിംഗ് ബോഡിയും ഗൂഢാലോചന നടത്തുകയാണെന്ന് മജുംദാർ കുറ്റപ്പെടുത്തി. ഒരു വശത്ത്, കേന്ദ്ര സേനയെ വിന്യസിക്കാൻ എസ്‌ഇസി വിമുഖത കാണിക്കുന്നു. മറുവശത്ത്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സിവിൽ വോളന്റിയർമാരെ വിന്യസിക്കുന്നു. ഇതിലൂടെ സംസ്ഥാന സർക്കാരും എസ്‌ഇസിയും കോടതികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമാണ്. ടിഎംസി ഗുണ്ടകൾ ബൂത്ത് പിടിച്ചെടുക്കാൻ എസ്ഇസി നിശബ്ദമായി സൗകര്യമൊരുക്കുകയാണോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.















