ഹൃദയമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്കുശേഷം. പേര് സൂചിപ്പിക്കുന്നത് പോലെ നിരവധി പ്രത്യേകതകൾ ഉള്ള ചിത്രം കൂടിയാണ് വർഷങ്ങൾക്കുശേഷം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. വിദേശയാത്ര കഴിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം.
കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. ഒപ്പം വിനീത് ശ്രീനിവാസനും ഷാൻ റഹുമാനും വീണ്ടും ഒന്നിക്കുകയാണ്. വിനീത് ചിത്രങ്ങളിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഘടകമാണ് ഷാൻ റഹുമാൻ. എന്നാൽ ഹൃദയത്തിൽ സംഗീത സംവിധായകനായി ഷാൻ എത്തിയിരുന്നില്ല. പുതിയ ചിത്രത്തിൽ വീണ്ടും ഇരുവരും ഒരുമിക്കുരകയാണ്. എന്നാൽ ഒരു വലിയ സസ്‌പെൻസ് കൂടിയുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിൽ ഷാൻ റഹുമാന്റെ പേരും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ആ സസ്‌പെൻസ് പൊളിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെ. ചിത്രത്തിൽ നടനായി തന്നെയാണ് ഷാൻ എത്തുന്നത്. ഇത്തവണ വിനീത് ചിത്രത്തിൽ സംഗീത സംവിധായകനായി എത്തുന്നത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനും സംഗീത സംവിധായകനും ഗായകനുമായ അമൃത് രാംനാഥാണ്. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് അമൃത് രാംനാഥ്.
ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ഒപ്പം വിനീത് ശ്രീനിവാസനും നിവിൻ പോളിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.















