ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനം അവിസ്മരണീയ ദിനങ്ങളാക്കിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പാരീസിൽ നടന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയായി എത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്‌നേഹ സമ്മാനങ്ങൾ നൽകിയതിനു പിന്നാലെ ഭാരതത്തിന്റെ സ്‌നേഹ സമ്മാനങ്ങൾ ഫ്രാൻസ് പ്രസിഡൻഡിനു നൽകിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി.
ഫ്രാൻസ് പ്രസിഡന്റിന്റെ ഭാര്യയായ ബ്രിജിറ്റ് മാക്രോൺ, ഫ്രാൻസ് നാഷണൽ അസംബ്ലി പ്രസിഡന്റായ യെല്ലെ ബൗൺ-പിവെറ്റ് എന്നിവർക്കായി കരകൗശലത്തിൽ നിർമിച്ച സമ്മാനങ്ങളാണ് പ്രധാനമന്ത്രി നൽകിയത്.
1. കാശ്മീരി പരവതാനി

കൈകൊണ്ട് നെയ്‌തെടുത്ത കാശ്മീരി പരവതാനിയാണ് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റായ യെല്ലെ ബൗൺ-പിവറ്റിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത്. അതേസമയം ഫ്രഞ്ച്് സെനറ്റ് പ്രസിഡന്റായ ജെറാൾഡ് ലാർച്ചറിനു വേണ്ടി കൈകാണ്ട് കൊത്തിയെടുത്ത ആന അംബവാരിയുടെ ശിൽപ്പമാണ് കണ്ടെത്തിയത്.
സാൻഡൽവുഡ് സിത്താർ

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനു പ്രധാനമന്ത്രിയുടെ സ്‌നേഹ സമ്മാനമാണിത്. ശുദ്ധമായ ചന്ദനതടിയിൽ കൊത്തിയെടുത്ത ഈ സിത്താറിൽ അറിവിന്റെയും, സംസ്‌കാരത്തിന്റെയും, കലകളുടെയും ദൈവങ്ങളായ സരസ്വതി, വിഘ്‌നേശ്വരൻ തുടങ്ങി ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നൂറ്റാണ്ടുകളായി പരിശീലിപ്പിക്കുന്ന കല കൂടിയാണിത്.
ചന്ദനപ്പെട്ടിയിലാക്കിയ സിൽക്ക് ഇക്കാട്ട് തുണി

തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പോച്ചംപള്ളി സിൽക്ക് കാർട്ട് തുണി ഇന്ത്യയുടെ വസ്ത്ര പാരമ്പര്യത്തിനെയും പൈതൃകത്തെയും സൂചിപ്പിക്കുന്നു.
മാർബിൾ ഇൻലേ വർക്ക് ടേബിൾ

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിനായി മാർബിളിന് പേര്‌കേട്ട രാജസ്ഥാനിലെ മക്രാനയിലെ മാർബിളുകളും അമൂല്യമായ കല്ലുകളും ഉപയോഗിച്ച് നിർമ്മിച്ച മാർബിൾ ഇനാലെ വർക്കാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.
രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി എത്തിയ പ്രധാനമന്ത്രിയെ ആചാരപരമായ സ്വീകരണങ്ങൾ നൽകിയും നിരവധി സ്‌നേഹ സമ്മാനങ്ങൾ നൽകിയുമാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തത്.















