കോട്ടയം: ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്കന് ദാരുണന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ലോറിയിൽ കുരുങ്ങിയ മുരളിയുമായി ലോറി മീറ്ററുകൾ മുന്നോട്ട് നീങ്ങി. കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമാനൂർ ഭാഗത്ത് നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയിൽ നിന്നും കയർ കെട്ടഴിഞ്ഞ് റോഡിലേയ്ക്ക് കിടന്നതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സംക്രാന്തിയിൽ വെച്ചു കാൽനട യാത്രക്കാരനായിരുന്ന മുരളിയുടെ ശരീരത്തിൽ ഈ കയർ ഉടക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. അപകടത്തിൽ മുരളിയുടെ കാൽ വേർപെട്ടു. സംക്രാന്തിയിലെ ഡ്രൈ ക്ലീനിങ് തൊഴിലാളിയായ മുരളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായെത്തിയ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഉടക്കിയും അപകടം ഉണ്ടായി. ബിജുവിന്റെ കാലിലും, ഭാര്യയുടെ കണ്ണിനുമാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ലോറി മാറ്റിയിട്ട ശേഷം കയർ എടുക്കുന്നതിനായി എത്തിയ ലോറി ഡ്രൈവറെയും സഹായിയെയും നാട്ടുകാർ പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments