തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 50,000 ഓളം ഭക്തജനങ്ങൾ ബലിയിടാൻ എത്തുമെന്നാണ് കണക്ക്. തിരക്ക് ക്രമീകരിക്കുന്നതിനായി ഇത്തവണ കൂടുതൽ ഒൻപത് ബലി മണ്ഡപങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഒരേസമയം 3500-ഓളം പേർക്ക് ബലിയിടാം. പുലർച്ചെ രണ്ടര മണിക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. അവസാനത്തെ ഭക്തൻ ബലിയിടാൻ വരുന്നതുവരെ ബലികർമ്മങ്ങൾ ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രതിനിധി ഹരികുമാർ പറഞ്ഞു.
ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനായി പ്രത്യേകം ബാരിക്കേഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളെ നിയന്ത്രിക്കുന്നതിനായി 800-ഓളം പോലീസുകാരെയാണ് ചുമതലപ്പെടുത്തിയത്. അതേസമയം വാവുബലി തർപ്പണ ദിനത്തിന്റെ തലേദിവസമായ ഇന്നും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ബലിക്കടവിലെ മാലിന്യങ്ങൾ നീക്കുന്ന ജോലികൾ ഇന്ന് വൈകുന്നേരത്തോടുകൂടി പൂർത്തിയാക്കും. ബലി ഇട്ടതിന് ശേഷം കുളിക്കാനുള്ള സജ്ജീകരണങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. എന്നാൽ ബലിയ്‌ക്ക് ശേഷം കടവിൽ ഇറങ്ങി കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.















