ആരോഗ്യചിട്ടകൾക്ക് പ്രധാനമാണ് കർക്കിടക മാസം. ഈ മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായ, രോഗസാധ്യതകള്‍ ഏറെയുള്ള കാലമാണ്. അതിനാൽ, തന്നെ പണ്ടു കാലം മുതല്‍ കര്‍ക്കിടകക്കാലത്ത് പല രീതിയിലും മരുന്നുകള്‍ സേവിയ്‌ക്കുന്നവരാണ് കേരളീയർ. പണ്ടു കാലത്ത് പാടത്തും പറമ്പിലും പണിയെടുത്ത് ജീവിച്ചിരുന്ന തലമുറയ്‌ക്ക് കര്‍ക്കിടകക്കാലത്തെ മഴയത്ത് പണിയെടുക്കാന്‍ സാധിയ്‌ക്കില്ല. ഇതിനാല്‍ ഈ മാസം ആരോഗ്യ ചിട്ടകള്‍ക്കുവേണ്ടിയാണ് മാറ്റി വെച്ചിരുന്നത്. കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമാണ് ഞവരക്കഞ്ഞി.
ഞവര അരി, ഉലുവ, ജീരകം, ആശാളി എന്നിവ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വർധിപ്പിക്കാനുള്ളതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്‌ക്കാനും നല്ലതാണ്. ഇത് കഴിയ്‌ക്കുന്നത് ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. കര്‍ക്കിടകക്കാലത്ത് ഇത് മരുന്നു കഞ്ഞിയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു നേരത്തെ ഭക്ഷണത്തിന് പകരം വയ്‌ക്കാവുന്ന ഒന്നാണിത്. കുട്ടികൾക്കും ഇത് ആസ്വദിച്ച് കഴിക്കാവുന്നതാണ്. വളരെക്കുറച്ച് ചേരുവകൾ മാത്രം ചേർത്ത് എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
- ഞവര അരി -ഒരു കപ്പ്
- ചെറുപയർ -അര കപ്പ്
- ഉലുവ – രണ്ട് ടേബിൾ സ്പൂൺ
- ജീരകം- അര ടീസ്പൂൺ + രണ്ട് ടീസ്പൂൺ
- ആശാളി – ഒരു ടേബിൾസ്പൂൺ
- തേങ്ങ – അര കപ്പ്
- പച്ചമുളക്- നാല്
- ചെറിയ ഉള്ളി – നാല്
- കുരുമുളക് പൊടി – ഒരു ടീസ്പൂൺ + അര ടീസ്പൂൺ
- ചുക്ക് പൊടി -ഒരു ടീസ്പൂൺ
- അയമോദകം – ഒരു ടീസ്പൂൺ
- നെയ്യ് – രണ്ട് ടീസ്പൂൺ
- തേങ്ങാ പാൽ – ഒരു കപ്പ്
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
പാകം ചെയ്യുന്നത്
ഞവര അരി, ചെറുപയർ, ഉലുവ, ജീരകം ഇതെല്ലാം കൂടി വെള്ളത്തിൽ ഇരുപത് മിനിറ്റ് ആദ്യം കുതിർത്തു വെയ്‌ക്കുക. അതിനോടൊപ്പം
തന്നെ ആശാളിയും അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്‌ക്കുക. അതിന് ശേഷം ഒരു കുക്കറിൽ ഇതെല്ലാം കൂടി ഇട്ട് നാല് കപ്പ് വെള്ളവും ചേർത്ത് വേവിക്കണം. ഇതിനേ ശേഷം കഞ്ഞിക്കുള്ള അരപ്പ് തയ്യാറാക്കുക. അതിന് തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും അര ടീസ്‌പൂൺ ജീരകവും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ കൂട്ട് കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം. കഞ്ഞി കുറുകിയാണ് ഇരിക്കുന്നെതെങ്കിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കാം . അതിന് ശേഷം കഞ്ഞിയിലേക്ക് തേങ്ങാ പാൽ കൂടി ചേർത്ത് ഇളക്കുക. കഞ്ഞി അടുപ്പിൽ നിന്ന് മാറ്റുന്നതിന് മുൻപ് അയമോദകവും കുരുമുളക് പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം നെയ്യ് കൂടി ചേർത്ത് കൊടുത്തതിന് ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.















