കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും. പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ എന്നിവയ്‌ക്കും ഇന്ന് അവധിയായിരിക്കും.
പുതുപ്പളളിയെന്ന കൊച്ചുഗ്രാമത്തിൽ നിന്ന് കേരള രാഷ്‌ട്രീയത്തിലേക്ക് ഉയർന്നുവന്ന കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം.
Comments