കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. ചിത്രവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനെതിരെ വൻവിവാദമാണ് നടക്കുന്നത്. കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും ‘പദ്മിനി’ സിനിമയുടെ പ്രമോഷനു സഹകരിച്ചില്ലെന്നാണ് നിർമ്മാതാവിന്റെ ആരോപണം. ഇപ്പോഴിതാ, സംഭവത്തിൽ കുഞ്ചാക്കോബോബനെ പിന്തുണച്ച് നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ് രംഗത്ത്.
കുഞ്ചാക്കോ ബോബൻ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ഫൈസല്‍ ലത്തീഫ്. ചിത്രം പരാജയപ്പെട്ടിട്ടും കൊടുത്ത ചെക്ക് മടക്കിത്തന്നയാളാണ് കുഞ്ചാക്കോ ബോബൻ എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനൊപ്പം തന്നെ താന്‍ അടുത്ത ചിത്രം എടുത്താല്‍ അതില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍ ആയിരിക്കും എന്ന സൂചനയും നൽകിയിട്ടുണ്ട്.
‘ഞാൻ ഫൈസൽ ലത്തീഫ്. നിർമാതാവാണ്. ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ പിന്നീട് കുറ്റബോധം തോന്നും. അതിനാണ് ഈ എഴുത്ത്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ട് നിൽക്കുന്ന സമയത്ത് കൊടുത്ത ചെക്ക് എല്ലാം എനിക്ക് മടക്കിത്തന്ന ആളാണ് ചാക്കോച്ചൻ. അതുകൊണ്ട് നിർമാതാക്കളെ ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.
വർക്ക് ചെയ്തവരിൽ മറക്കാൻ കഴിയാത്ത ആളാണ് ചാക്കോച്ചൻ. 6 മണിയെന്ന് പറഞ്ഞാൽ അതിന് മുന്നേ സെറ്റിൽ വരും. എല്ലാ കാര്യങ്ങൾക്കും നിർമാതാക്കൾക്ക് ഒപ്പമുണ്ടാകുന്നയാൾ. ഒരിക്കൽ സിനിമയുടെ ബജറ്റ് കൂടിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. “അച്ചപ്പു, ഫിനാൻഷ്യലി എന്തെങ്കിലും പ്രശ്നമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ ചെയ്യാം കെട്ടോ”.
ഈ മനസുള്ളയാളെ എങ്ങനെയാണ് വേട്ടയാടാൻ കഴിയുന്നത്? എനിക്ക് മനസിലാകുന്നില്ല… ഒരു കാര്യം കൂടി. വള്ളീം തെറ്റി പുള്ളീം തെറ്റി 45 ദിവസമാണ് ചാക്കോച്ചനോട് പറഞ്ഞത്. പക്ഷേ അദ്ദേഹം അഭിനയിച്ചത് 60 ദിവസമാണ്. എന്തൊക്കെയാണെങ്കിലും ഞാനൊരു ചിത്രത്തിന്റെ ആലോചനയിലാണ്… നായകനെ നിങ്ങൾ ഊഹിച്ചെടുത്തോളൂ.’- ഫൈസൽ ലത്തീഫ് ഫേസ്ബുക്കിൽക്കുറിച്ചു.
Comments