ഡോളർ, യൂറോ, പൗണ്ട്, എന്നിവപോലെയുള്ള കറൺസിയാണ് രൂപയും. കറൺസികളുടെ ഏറ്റവും പഴയ രൂപങ്ങളിൽ ഒന്നാണ് രൂപ. ബ്രിട്ടീഷ് സർക്കാരാണ് ഇന്ത്യയിൽ രൂപയെന്ന ഏകീകൃത കറൺസി പ്രചാരത്തിൽ കൊണ്ടുവന്നത്. ചരിത്രപരമായ രേഖകൾ പറയുന്നതനുസരിച്ച് ബിസി 340 മുതൽ രൂപ ഉപയോഗിക്കുന്നുണ്ട്. കറൺസിയായി രൂപ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ.
മറ്റു കറൺസികളായ പെസോ, ഫ്രാങ്ക് എന്നീ കറൺസികൾപോലെ തന്നെ രൂപയ്‌ക്കും പല വ്യത്യസ്ത തലങ്ങളുണ്ട്. വ്യത്യസ്തമായ മതിപ്പും രൂപയ്‌ക്കുണ്ട്. ഇന്ത്യയെ കൂടാതെ ഭൂട്ടാൻ, ഇന്തോനേഷ്യ, മാലീദ്വീപ്, നേപ്പാൾ, പാകിസ്താൻ, സെ-ഷെൽസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും കറൺസി രൂപയാണ്.
രൂപ കറൺസിയായി ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യം ഇന്ത്യയാണെങ്കിലും ഏറ്റവും മൂല്യമുള്ള രൂപയുള്ളത് സെ-ഷെൽസിലാണ്. 13.42- ആണ് ഒരു ഡോളറിനെതിരെയുള്ള സീഷെൽസ് രൂപയുടെ മൂല്യം. തൊട്ടുപിന്നിൽ മാൽഡീസ് റുപ്പീസാണ്. 15.40-യാണ് മാലീദ്വീപ് രൂപയുടെ മൂല്യം. തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇന്ത്യൻ രൂപയുടെ(81.73) മൂല്യം. ഇന്ത്യൻ രൂപയ്‌ക്ക് തുല്യമായ മൂല്യമാണ് ഭൂട്ടാൻ രൂപയ്‌ക്കുള്ളത്. 223.95 മൂല്യവുമായി പാകിസ്താനാണ് നാലാമത്. പട്ടികയിൽ ഏറ്റവും പിന്നിൽ ഇന്തോനേഷ്യൻ റുപ്പിയയാണ്. ഒരു അമേരിക്കൻ സെന്റിനെക്കാൾ മൂല്യം കുറവാണ് ഇന്തോനേഷ്യൻ രൂപയ്‌ക്ക്.
രൂപയ്‌ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളും വിളിപ്പേരുകളുമുണ്ട്. റൂപ്പി, റുപ്പി, റുഫിയ, രൂപ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. പേരിൽ സാമ്യമുണ്ടെങ്കിലും റൂബിൾ വളരെ വ്യത്യസ്തമായ ഒരു കറൺസിയാണ്. നിന്റെൻഡോയുടെ ലെജൻഡ് ഓഫ് സെൽഡ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയിൽ ഉപയോഗിക്കുന്ന സാങ്കൽപ്പിക ഇൻ-ഗെയിം കറൻസിയുടെ പേരും രൂപ എന്ന് തന്നെയാണ്.
Comments