വെണ്ടയ്‌ക്ക കഴിക്കാൻ പൊതുവെ മടിയുള്ളവരാണ് അധികവും. അതുകൊണ്ട് പലരും ഇത് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്‌ക്കയെന്ന് പലരും ഓർക്കാറില്ല. അയേൺ, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും കാത്സ്യവും വെണ്ടയ്‌ക്കയിുണ്ട്. വിശപ്പ് കുറയ്‌ക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും വെണ്ടയ്‌ക്ക് അത്യുത്തമമാണ്. ശരീരവണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെണ്ടയ്‌ക്ക ഡയറ്റിൽ ഉൾപ്പെടുത്താം. സ്ഥിരമായി കഴിക്കുകയാണെങ്കിൽ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ശരീരഭാരം കുറയ്‌ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വെണ്ടയ്‌ക്ക വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ വെണ്ടയ്‌ക്ക ദഹനത്തിന് ഗുണം ചെയ്യും. മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ഗുണപ്രദമാണ്. കുട്ടികളുടെ ആഹാരത്തിൽ ദിവസവും ഉൾപ്പെടുത്തുകയാണെങ്കിൽ അവരുടെ വളർച്ചയ്‌ക്കും ഏറെ ഗുണകരമാകും. കാഴ്ചശക്തി വർദ്ധിപ്പിക്കാനും വെണ്ടയ്‌ക്കയുടെ പങ്ക് പ്രധാനമണ്. വെണ്ടയ്‌ക്കയിലുള്ള വിറ്റാമിൻ സി, ഇ എന്നിവയാണ് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്.
വെണ്ടയ്‌ക്ക അടങ്ങിയിട്ടുള്ള കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വെണ്ടയ്‌ക്ക ഉപയോഗകരമാണ്. വെണ്ടയ്‌ക്കയിൽ ഒരുപാട് നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾ കഴിക്കുന്നതും വളരെ പ്രയോജനകരമായിരിക്കും. നിരവധി ഗുണഗണങ്ങളുള്ള വെണ്ടയ്‌ക്ക ആരോഗ്യത്തിന് എപ്പോഴും മികച്ചതാണ്.















