എപ്പോഴും നിരാശരായി ഇരിക്കുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലപ്പോൾ വിഷാദം പോലുള്ള മാനസിക രോഗങ്ങൾ ഇങ്ങനെയുള്ളവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. അല്ലെങ്കിലൊരുപക്ഷേ നിത്യജീവിതത്തിലെ തന്നെ ചില കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോഴായിരിക്കും ഇത്തരത്തിലെ അവസ്ഥകൾ വരുന്നത്. ഇത്തരത്തില്‍ സദാസമയവും നിരാശയും മടുപ്പും ജനിപ്പിക്കാൻ കാരണമാകുന്ന ചില ശീലങ്ങളെക്കുറിച്ച് പറയാം.
സ്ക്രീൻ സമയം
അധിക സമയം സ്മാർട്ട് ഫോണിൽ ചിലവിടുന്നവർക്ക് വലിയ രീതിയില്‍ വിരസതയും നിരാശയുമൊക്കെയുണ്ടാക്കാം. അതിനാല്‍ സ്ക്രീനിന് പുറത്തെ ലോകത്തെയും അനുഭവിക്കാൻ ശ്രമിച്ചിരിക്കണം. സ്ക്രീൻ സമയത്തിന് പരിധി നിശ്ചയിച്ച് അത് പിന്തുടരുന്നതാണ് ആരോഗ്യത്തിന് നല്ലത്.
അലസമായ ജീവിതരീതി
അടുക്കും ചിട്ടയും സമയക്രമവുമില്ലാത്ത അലസമായ ജീവിതരീതി ഏറെ നീണ്ടുപോയാല്‍ അത് ക്രമേണ നിരാശയിലേക്കും മടുപ്പിലേക്കും പോകാറുണ്ട്. കായികാധ്വാനമില്ലാത്ത ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കും. വ്യായാമം ചെയ്യുക, കായികവിനോദങ്ങളിലേര്‍പ്പെടുക, നടക്കാൻ പോവുക, നീന്തല്‍, ഓട്ടം പോലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കുന്നതാണ്.
ഉറക്കം
ഉറക്കമില്ലായ്മ, ഉറക്കം മുറിയുന്ന അവസ്ഥ, ആഴത്തില്‍ ഉറക്കം കിട്ടാത്ത അവസ്ഥയെല്ലാം പ്രശ്നം തന്നെയാണ്. ഇവ പരിശോധിച്ച് കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അനിവാര്യമാണ്.
ഭക്ഷണം
മോശമായ ഭക്ഷണരീതികളും പതിവായാല്‍ അത് ക്രമേണ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഇങ്ങനെയും നിരാശയും വിരസതയും അനുഭവപ്പെടാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ്, കൃത്രിമമധുരമടങ്ങിയ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയ ഭക്ഷണം ഇവ പതിവാക്കരുത്.
ആത്മവിശ്വാസം
നാമെപ്പോഴും സ്വയം വിലയിരുത്താനും സ്വയം വിമര്‍ശിക്കാനും സ്വയം മെച്ചപ്പെടുത്താനുമെല്ലാം ശ്രമിക്കേണ്ടതുണ്ട്. വ്യക്തി എന്ന നിലയില്‍ വളരാൻ സാധിക്കുക ഇങ്ങനെയെല്ലാം തന്നെയാണ്. എന്നാല്‍ എല്ലായ്പ്പോഴും സ്വയം ഇകഴ്ത്തി കാണുക, അങ്ങനെ സംസാരിക്കുക, പെരുമാറുകയെല്ലാം ചെയ്യുന്നത് നിരാശയിലേക്ക് നയിക്കും.
Comments