സുരക്ഷിത നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർ കണ്ണടച്ച് ചേരുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. പദ്ധതികളിൽ ചേരുന്നവർക്ക് അതിന് അനുസരിച്ചുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ടെന്നതാണ് ഇതിലേക്ക് ആർഷിക്കുന്ന പ്രധാന ഘടകം. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്കീമുകൾ നിയന്ത്രിക്കുന്നത്. ഓരോ ത്രൈമാസത്തിലുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ അവലോകനം ചെയ്യുന്നത്. അടുത്തിടെയാണ് ജൂലൈ-സെപ്റ്റംബർ പാദത്തിലേക്കുള്ള പലിശ കണക്കാക്കിയത്. നിക്ഷേപകർക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാണ് കേന്ദ്രം പലിശ കണക്കാക്കിയിരിക്കുന്നത്.
ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് സമാനമായി പോസ്റ്റ് ഓഫീസ് നൽകുന്ന അക്കൗണ്ടുകളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്. പ്രതിവർഷം നാല് ശതമാനം പലിശയാണ് അക്കൗണ്ട് നൽകുന്നത്. സാധാരണ അക്കൗണ്ട് പോലെ പലിശ പൂർണ്ണമായും നികുതി വിധേയമാണ്. എന്നാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ലഭിക്കും. പലിശ ത്രൈമാസത്തിലൊരിക്കൽ കോമ്പൗണ്ട് ചെയ്യുപ്പെടുന്നു.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. അഞ്ച് വർഷ കാലാവധിയാണ് ഇതിനുള്ളത്. 6.5 ശതമാനം പലിശ നിരക്കിൽ ഇപ്പോൾ നിക്ഷേപിക്കാവുന്നതാണ്. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ട് ചെയ്യുക. പലിശ വഴി പ്രതിമാസം സ്ഥിര വരുമാനം ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 7.40 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. അഞ്ച് വർഷമാണ് പദ്ധതി കാലാവധി. വ്യക്തികൾക്ക് ഒൻപത് ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷമാണ് ഇതിന്റെ കാലാവധി. 7.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. വർഷത്തിൽ 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. മുതിർന്ന് പൗരന്മാർക്കുള്ള റിട്ടയർമെന്റ് പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഒറ്റത്തവണ നിക്ഷേപമായി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 8.2 ശതമാനമാണ് നിലവിലം പലിശ നിരക്ക്. ത്രൈമാസത്തിലാകും പലിശ ലഭിക്കുക. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികൾക്കായി അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. എട്ട് ശതമാനം പലിശ ലഭിക്കുന്നു. 21 വർഷമാണ് പദ്ധതി കാലാവധി. 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.















