തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇത് സംബന്ധിച്ച് കേന്ദ്രനിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. വിഷയം അനുഭാവപൂർണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
നേരത്തെയും പികെ കൃഷ്ണദാസിന്റെ ഇടപെടലിൽ ട്രെയിൻ യാത്രക്കാർക്ക് ആശ്വസമേകാൻ കഴിഞ്ഞിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് ഇന്ത്യൻ റെയിൽവേ പുതിയ ട്രെയിൻ അനുവദിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനും തീരുമാനമായിരുന്നു.
തീർത്ഥാടകരുടെ യാത്രസൗകര്യം വർദ്ധിപ്പിക്കാനായി രാമേശ്വരത്തേക്ക് കൂടുതൽ ട്രെയിൻ സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് പികെ കൃഷ്ണദാസ് റെയിൽ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടിയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ നടപടി സ്വീകരിച്ചത്.
Comments