ഭക്ഷണം ബാക്കിയുണ്ടെങ്കിൽ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്ന ശീലം എല്ലാ വീടുകളിലുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എപ്പോഴും ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങളോ ഭക്ഷ്യവിഷബാധയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ചില കാര്യങ്ങൾ നോക്കാം.
മിക്കവരും ഭക്ഷണം തയ്യാറാക്കി കഴിച്ചതിന് ശേഷം ബാക്കി വരുന്നത് ഫ്രിഡ്ജിലേക്ക് വയ്‌ക്കുകയാണ് പതിവ്. എന്നാല്‍ കഴിയുന്നതും ഭക്ഷണം തയ്യാറാക്കിയ ശേഷം സൂക്ഷിക്കാനുള്ള ഭാഗം നേരത്തെ മാറ്റിവെയ്‌ക്കുന്നതാണ് നല്ലത്. അതൊന്ന് ചൂടാറിക്കഴിഞ്ഞാല്‍ തന്നെ ഫ്രിഡ്ജിലേക്ക് കയറ്റുന്നതാണ് ഉത്തമം. പലരും ഫ്രിഡ്ജില്‍ കറികളും മറ്റും അടപ്പില്ലാതെ പാത്രത്തില്‍ വയ്‌ക്കാറുണ്ട്. ഇത് ഒട്ടും നല്ല ശീലമല്ല. ഭക്ഷ്യവിഷബാധയ്‌ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് കാരണമാകുന്നു.
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ദിവസങ്ങളോളം ഭക്ഷണം ഫ്രിഡ്ജിൽ വച്ചിരിക്കരുത് . ഇങ്ങനെ വച്ച ഭക്ഷണം കഴിക്കുന്നതും ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം. ഏത് ഭക്ഷണമായാലും രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജിൽ സൂക്ഷിച്ച് കഴിക്കരുത്. പ്രത്യേകിച്ച് ചോറ്, ഇറച്ചി, മീൻ പോലുള്ള വിഭവങ്ങളാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം ഇത്.
ഫ്രിഡ്ജില്‍ വച്ച ഭക്ഷണം പുറത്തെടുക്കുമ്പോള്‍ അത് ചൂടാക്കിയാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചൂടാക്കി കഴിച്ച ഭക്ഷണത്തിന്‍റെ ബാക്കി വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ ചൂടാക്കി കഴിക്കാനോ ശ്രദ്ധിക്കരുത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷ്യവിഷബാധ ചെറിയ രീതിയിലും ഗൗരവമായ രീതിയിലും പിടിപെടാം.















