കൊല്ലം: കുന്നും മലകളും കാട്ടാറുകളും കാട്ടരുവികളും വെള്ളച്ചാട്ടവും കൊണ്ട് പ്രകൃതി വിസ്മയം തീർത്ത കൊല്ലം ഏരൂരിലേക്കിപ്പോൾ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ്. അഞ്ചലിന്റെ നാടൻ കുറ്റാലയം എന്ന് നാട്ടുകാർ ചെല്ലപ്പേരിട്ടിരിക്കുന്ന ഒലിയരിക് വെള്ളച്ചാട്ടം കാണാൻ തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള സഞ്ചാരികൾ നിരയായിയൊഴുകുകയാണ്.
അഞ്ചൽ പുനലൂർ പാതയിൽ മാവിളയിൽ നിന്നും നാല് കിലോമീറ്റർ ഉള്ളിലായി ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചലിലാണ് ഒലിയരിക് വെള്ളച്ചാട്ടം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് വിസ്മയ കാഴ്ചകളൊരുക്കി കണ്ണിനും മനസിനും ഒരുപോലെ കുളിർമ പകർന്ന് രണ്ട് തട്ടുകളിലായി കുതിച്ചൊഴുകുകയാണ് ജലം. വേനൽക്കാലത്തും വെള്ളച്ചാട്ടം ഇവിടെ തുടരും. ഗൂഗിളിൽ ഓലിയരിക് വെള്ളച്ചാട്ടം സ്ഥാനം പിടിച്ചതോടെ നിരവധി വിനോദസഞ്ചാരികൾ ഈ മനോഹാരിത കാണാൻ എത്തിത്തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്നവർക്ക് നാടൻ സൗന്ദര്യം ആസ്വദിച്ച് മതിയാകുന്നില്ല. തങ്ങളുടെ നാട്ടിലെ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നതിൽ നാട്ടുകാർക്കും ഏറെ സന്തോഷമാണ്.
ഓലിയരിക് വെള്ളച്ചാട്ടം ടൂറിസം വികസന പദ്ധതിയും പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്.പാലരുവി, കുംഭാവുരുട്ടി, കുറ്റാലം ജലപാതകൾക്കൊപ്പം ഒലിയരികിന്റെ ടൂറിസം സാധ്യതകളും വികസിക്കുന്നതോടെ ഇനിയും ഇവിടേക്ക് സഞ്ചാരികൾ ധാരാളമായി എത്തും.















