തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണത്തിനുള്ള ഷാജി എൻ കരുൺ കമ്മിറ്റിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമാ സംഘടനകളുമായി ആലോചിക്കാതെയാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ഫിലിം ചേംബർ പറഞ്ഞു. ഇതിൽ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് നൽകിയതായി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ വ്യക്തമാക്കി.
മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസി സമൂഹമാദ്ധ്യമങ്ങൾ വഴി കമ്മിറ്റിയിലെ അതൃപ്തി അറിയിച്ചിരുന്നു. ഏകപക്ഷീയമായി രൂപീകൃതമായ ഒരു കമ്മിറ്റിയ്ക്ക് തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. കമ്മറ്റിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് അറിവേടെയും സമ്മതത്തോടെയുമാണോ എന്നത് അന്വേഷണത്തിന് വിധേയമാക്കണം. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗാമാകാൻ അംഗങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്നത് സംബന്ധിച്ചതിൽ വ്യക്തതയില്ല. ചലച്ചിത്രം നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നുവെന്ന ആശങ്കകളും ഡബ്ല്യുസിസി പങ്കുവെച്ചിരുന്നു.
സാംസ്കാരിക വകുപ്പാണ് സംസ്ഥാനത്ത് സിനിമാ നയം തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ ഷാജി എൻ കരുണിനെ കമ്മിറ്റി ചെയർമാനായും സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയെ കൺവീനറായും നിയമിച്ചു. നടൻ മുകേഷ്, നടിമാരായ മഞ്ജു വാര്യർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, ചലച്ചിത്ര നിർമാതാവ് സന്തോഷ് കുരുവിള, സംസ്ഥാന ചലച്ചിത്ര അകാഡമി സെക്രടറി സി അജോയ് എന്നിവരെയാണ് കമിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തത്.















