ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി മൂലം വലയുകയാണ് ജനങ്ങൾ. യമുനയിലെ ജലനിരപ്പ് അപകട രേഖയായ 205.33 കടന്ന് 206.44 ആയതോടെ പ്രളയഭീതിയും ജനങ്ങൾക്കിടയിലുണ്ട്. നദി കരകവിഞ്ഞൊഴുകിയതോടെ പഴയ യമുനാ പാലം അടച്ചു. ഹരിയാനയിലെ തടയണ തുറന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. തുടർന്ന് യമുനയുടെ തീരപ്രദേശങ്ങളിലാണ് ഏറ്റവുമധികം ദുരിതം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
#WATCH | Delhi: The water level of Yamuna River was recorded at 206.56 m (7:00 am) at the Old Yamuna Bridge (Loha Pul)
(Drone Visuals) pic.twitter.com/9FtKvQ8v16
— ANI (@ANI) July 24, 2023
ഞായറാഴ്ച രാത്രി 10:00 മണിയോടെയാണ് യമുനയിലെ ജലനിരപ്പ് 206.44 മീറ്റർ ഉയരത്തിലെത്തിയത്. ജൂലൈ 13 ന് ചരിത്രത്തിലാദ്യമായി യമുനാ നദിയുടെ ജലനിരപ്പ് 208.66 മീറ്ററായി ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 205.33 മീറ്ററിലേക്ക് താഴ്ന്നു. എന്നാൽ ശനിയാഴ്ച രാത്രി 10 മണിക്ക് 205.02 മീറ്ററായിരുന്ന ജലനിരപ്പ് ഞായറാഴ്ച രാവിലെ 9 മണിക്ക് 205.96 മീറ്ററായി ഉയർന്നു. ഹരിയാനയിലെ തടയണ തുറന്നതിന് പിന്നാലെയായിരുന്നു ഇത് സംഭവിച്ചത്. വീണ്ടും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉടലെടുത്തതിനാൽ ട്രെയിൻ സർവീസുകൾ നിർത്തിവെയ്‌ക്കുകയും പല ട്രെയിനുകളും വഴിതിരിച്ചു വിടുകയും ചെയ്തു.
യമുനയുടെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മുൻകരുതൽ നടപടിയായി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഹിമാചലിലും ഉത്തരാഖണ്ഡിലും 25 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹിമാചൽ പ്രദേശിൽ ഇന്നലെയുണ്ടായ മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചിരുന്നു. തീരപ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ 27,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. നോയിഡയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ പലഭാഗങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തിരുന്നു.
Comments