വാഷിംഗ്ടൺ: പ്രകൃതിയിലെ വിസ്മയങ്ങൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ്. നമുക്കറിയാത്ത പല വസ്തുതകളും പ്രപഞ്ചത്തിൽ അനന്തസാഗരമായി കിടക്കുന്നു. ആഴങ്ങൾതേടി മനുഷ്യൻ യാത്ര തിരിക്കുമ്പോഴാണ് ആഴമേറിയ പല യാഥാർത്ഥ്യങ്ങളെക്കുറിച്ചും പുറംലോകം അറിയുന്നത്. അത്തരത്തിൽ നമ്മെ അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് യുഎസ്എയിലെ ഒക്കലഹോമയിൽ നിന്നും വരുന്നത്.
ചാർലി ക്ലിന്റൺസ് എന്ന 11-കാരന്റെ ചൂണ്ടയിൽ കുടുങ്ങിയത് മനുഷ്യ പല്ലുള്ള മത്സ്യമാണ്. പാക്കു വിഭാഗത്തിൽപ്പെട്ട ഈ മത്സ്യങ്ങൾ സൗത്ത് അമേരിക്കൻ കടലുകളിൽ സജീവമായ പിരാന മത്സ്യങ്ങളോട് രൂപസാദൃശ്യമുള്ള മീനുകളാണ്. ഇവ പൊതുവെ ‘സസ്യബുക്ക് പിരാനകൾ ‘ എന്നാണ് അറിയപ്പെടുന്നത്. സാധാരണയിവ അലങ്കാര മത്സ്യങ്ങളോടൊപ്പം അക്വാറിയങ്ങളിലാണ് കാണപ്പെടാറുള്ളത്. അയൽവാസിയുടെ കുളത്തിൽ ചൂണ്ടയിട്ടപ്പോഴാണ് ചാർലിയ്‌ക്ക് ഈ മത്സ്യത്തെ കിട്ടുന്നത്.
തെക്കേ അമേരിക്കയിലെ ടുപി-ഗൊരാനി ഭാഷകളിലെ വളരെ പഴക്കമുള്ള വാക്കാണ് പാക്കു (pacu). അതിവേഗം കഴിക്കുന്നവന്നവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം. അതായത് ജലോപരിതലത്തിൽ ഭക്ഷണം കണ്ടാൽ അതിവേഗം വന്ന് വായിലാക്കി അതുപോലെ
അടിത്തട്ടിലേക്ക് പായുന്ന മത്സ്യങ്ങളാണ് ഇക്കൂട്ടർ. ഇവ പിരാന മത്സ്യങ്ങളെപോലെ അപകടകാരികൾ അല്ലെങ്കിലും ഈ മത്സ്യങ്ങളെ കുളങ്ങളിലും മറ്റും ഉപേക്ഷിക്കുന്നത മൂലം അവിടുത്തെ ആവാസവ്യവസ്ഥയ്‌ക്ക് കോട്ടം തട്ടിയേക്കാം.
എന്തായാലും 11-കാരൻ ചാർലിക്ക് കിട്ടിയ പാക്കുവാണ് ഇപ്പാൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. ഇത്തരം പല്ലുകൾ മത്സ്യങ്ങളിൽ കാണുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചിലർക്കിത് കൗതുകകരമായിരിക്കുന്നെന്നും തുടങ്ങി നിരവധി കമെന്റുകളാണ് പാക്കുക്കുവിന് ഇപ്പോൾ ലഭിക്കുന്നത്.















