ഫാസ്റ്റ്ഫുഡുകൾ ലോകം അടക്കിഭരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രോഗപ്രതിരോധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രീ-ബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ശരീരത്തിലുള്ള പ്രതിരോധത്തിന്റെ പടയാളികളാണ് കുടലിലെ ബാക്ടീരിയകൾ. കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യം രോഗപ്രതിരോധത്തിന് അടിത്തറ പാകുന്നതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പഴങ്കഞ്ഞി, വെളുത്തുള്ളി, ജമന്തി ഗ്രീൻസ്, ജറുസലേം ആർട്ടിചോക്സ്, ലീക്സ്, സവാള തുടങ്ങിയ ഭക്ഷണങ്ങളിൽ പ്രീ-ബയോട്ടിക് ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ബാക്ടീരിയകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിലും പ്രീ-ബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു. മിക്ക ആളുകളിലും കണ്ട് വരുന്ന രോഗമാണ് വിളർച്ച. ശരീരത്തിനാവശ്യമായ കാത്സ്യവും മറ്റ് പോഷകഘടകങ്ങളും ലഭിക്കാതെ വരുമ്പോഴുണ്ടാവുന്ന രോഗവസ്ഥയാണിത്. പ്രീ-ബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി നമ്മുടെ ദൈന്യംദിന ആഹാരത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ശരീരത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു ദിവസം 5 ഗ്രാം പ്രീ-ബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.















