തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ഭൂമിയ്‌ക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ മുകളിലേക്ക് കുതിപ്പ് തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിയ്‌ക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമായിരുന്നു ഇന്നലെ ഉയർത്തിയത്. ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ചന്ദ്രയാൻ-3 ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തുവാൻ ആരംഭിച്ചത്.
236 കിലോമീറ്റർ കുറഞ്ഞ ദൂരവും 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള ഭ്രമണപഥമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിൽ പേടകം കൃത്യമായി എവിടെ വരെ എത്തി എന്നുള്ളത് നിരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഈ ഭ്രമണപഥത്തിൽ ഒരുതവണ ഭൂമിയെ ചുറ്റി വരുന്ന പേടകത്തെ ചന്ദ്രന് നേർക്ക് തിരിച്ചു വിടുന്നതിനായി ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടത്തും. ഓഗസ്റ്റ് ഒന്നിന് രാത്രി 12-നും പുലർച്ചെ ഒന്നിനും ഇടയിലായിരിക്കും ഇത് പ്രാവർത്തികമാക്കുന്നത്. വളരെ നിർണായകമായ ഈ ഘട്ടത്തിലാകും ചന്ദ്രയാൻ-3 ഭൂമിയുടെ ആകർഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നത് വരെയുള്ള ഈ സഞ്ചാരപഥത്തെയാണ് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി. ഇതിന്റെ ഒടുവിൽ ചന്ദ്രന് ചുറ്റും ദീർഘവൃത്ത ഭ്രമണപഥത്തിൽ ആകും എത്തുന്നത്. പിന്നീട് പലതവണകളായി ഭ്രമണപഥം ചുരുക്കും. ഇത്തരത്തിൽ ചന്ദ്രനോട് 100 കിലോമീറ്റർ അടുത്തുള്ള വൃത്ത ഭ്രമണപഥത്തിൽ കറങ്ങും. അതുവരെ മാത്രമാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന പേടകത്തിന്റെ ദൗത്യമുള്ളത്. ഇതിന് ശേഷം അനുകൂലമായ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം ലാൻഡറിനെ ചന്ദ്രനിൽ ഇറക്കുന്ന മൂന്നാമത്തെ നിർണായക ഘട്ടമാണ് ഉള്ളത്. ഇത്തരത്തിൽ എല്ലാ ഘട്ടങ്ങളും വിജയിക്കുന്നതോടെ ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമായേക്കും















