പുരുഷ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖിനെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പ്രതിഫലത്തോടെ ജോലി ഏറ്റെടുക്കാൻ മിസ്ബ വിസമ്മതിച്ചു. എന്നാൽ ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനും പ്രത്യേക ഉപദേഷ്ടവായും പ്രതിഫലമില്ലാതെ ചുമതലയോൽക്കാൻ മിസ്ബ തീരുമാനിക്കുകയായിരുന്നു എന്ന് പിസിബി ചെയർമാൻ സാക്ക അഷ്റഫ് വ്യക്തമാക്കി. മിസ്ബ പാകിസ്താൻ ക്രിക്കറ്റുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അഷ്റഫ് പറഞ്ഞു.
പാകിസ്താൻ ക്രിക്കറ്റിനെ ആഗോള ക്രിക്കറ്റ് തലത്തിൽ മികച്ച ടീമായി ഉയർത്തുക, മുൻ താരങ്ങളെ ഉൾപ്പെടുത്തി പുതിയൊരു ക്രിക്കറ്റ് കമ്മിറ്റിയെ കണ്ടെത്താൻ മിസ്ബ ഉൾ ഹഖ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കും. മുൻ താരങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെ പാകിസ്താൻ ക്രി്ക്കറ്റിനെ ലോകോത്തരനിലവാരത്തിൽ മുന്നിലെത്തിക്കാൻ സാധിക്കുമെന്ന് പിസിബി വിശ്വസിക്കുന്നു. ഐസിസി യോഗങ്ങളിലടക്കം പാക് ബോർഡിനെ മിസ്ബ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കും. 2019 മുതൽ 2021 വരെ പാകിസ്ഥാൻ ടീമിന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായിരുന്നു മിസ്ബ ഉൾ ഹഖ്. 2020ൽ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞെങ്കിലും 2021 വരെ മുഖ്യ പരിശീലകനായി തുടർന്നു.
പാകിസ്ഥാന്റെ ഏറ്റവും മികച്ച ടെസ്റ്റ് നായകനാണ് മിസ്ബ ഉൾ ഹഖ്. 56 ടെസ്റ്റ് മത്സരങ്ങളിൽ താരത്തിന് കീഴിലിറങ്ങിയ പാക് ടീം 26 മത്സരങ്ങളിൽ വിജയിച്ചു. പാകിസ്താനായി 75 ടെസ്റ്റുകൾ കളിച്ച താരം 10 സെഞ്ചുറികൾ സഹിതം 5222 റൺസ് നേടി. 162 ഏകദിനങ്ങളിൽ 5122 റൺസും 39 രാജ്യാന്തര ട്വൻറി 20കളിൽ 788 റൺസും താരത്തിന്റെ പേരിലുണ്ട്. രാജ്യാന്തര ക്രിക്കറ്റിലുള്ള 49കാരനായ മിസ്ബയുടെ പരിചയം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനാണ് പിസിബി ലക്ഷ്യമിടുന്നത്.
Comments