ആരോഗ്യത്തോടെയിരിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആഗ്രഹത്തിന് പലപ്പോഴും വിലങ്ങു തടിയാകുന്നത് അമിതമായ വണ്ണവും ശരീരഭാരവുമാണ്. ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ശരീരഭാരം കുറയ്‌ക്കാനായി ശ്രമം നടത്താറില്ല. വണ്ണം കുറയ്‌ക്കാന്‍ ശരിക്കും എന്താണ് വഴിയെന്ന് ചിന്തിക്കുന്നവരാണ് പലരും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്‌ക്കാന്‍ കഴിയൂ എന്നാതാണ് സത്യം. വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്‌ക്കാന്‍ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികള്‍ പറയാം.
ജങ്ക് ഫുഡ്
വണ്ണം കുറയ്‌ക്കാൻ ആദ്യത്തെ മാർഗം ജങ്ക് ഫുഡ് ഒഴിവാക്കുക എന്നതാണ്. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്‌ക്കാനും സഹായിക്കും.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം എന്നുള്ളതും അതിൽ പ്രധാനമാണ്. പ്രഭാത ഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതമായി ആഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും വഴിയൊരുക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്‌ക്കാനും സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.
മുട്ട വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും അമിതവണ്ണം കുറയ്‌ക്കാനും സഹായിക്കും. ഇതിനെല്ലാം ഉപരി മുട്ട പ്രോട്ടീനുകളുടെ കലവറ കൂടിയാണ്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം മുട്ട കൂടി ഉൾപ്പെടുത്തണം. രാവിലെ ഒരു മുട്ട കഴിക്കുന്നതിലൂടെ ശരീര ഊർജ്ജം നിലനിർത്താനും സാധിക്കും. കൂടാതെ കലോറി വളരെ കുറവുമായതിനാൽ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.
കോഫീ
കോഫിയിൽ കഫെയ്ൻ അടങ്ങിയിരിക്കുന്നതിനാൽ മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കും. അതിനാൽ ദിവസവും പ്രഭാത ഭക്ഷണത്തോടൊപ്പം കോഫി കുടിക്കുന്നത് തൂക്കം കുറയ്‌ക്കാൻ ഉപകാരപ്പെടും.
ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍
ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്‌ക്കാം. നേന്ത്രപ്പഴത്തിൽ ശരീരത്തിന് ആവശ്യമായ ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഒരു നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ വിശപ്പകറ്റാനും സാധിക്കും. ഒപ്പം ദഹനപ്രക്രീയ കൃത്യമായി നടക്കാനും കുടവയർ കുറഞ്ഞു തുടങ്ങാനും ഇത് സഹായിക്കുന്നതാണ്. കൂടതെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വർധനയ്‌ക്കും പഴം കഴിക്കുന്നത് സഹായിക്കും. കൂടാതെ മറ്റു ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അമിത കലോറി കുറയ്‌ക്കാനും പഴത്തിന് സാധിക്കും.
മിതമായ അളവില്‍ ഭക്ഷണം
വണ്ണം കുറയ്‌ക്കാന്‍ മിതമായ അളവില്‍ ഭക്ഷണം കഴിക്കണം. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റിൽ വിളമ്പുക. ഇത് വണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നതാണ്. നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്‌ക്കാനും സാധിക്കും.
Comments