ഇലക്ട്രിക് വാഹനവിപണിയിൽ തരംഗം സൃഷ്ടിച്ച് ട്രെൻഡിനൊപ്പം നീങ്ങിയ വാഹനമാണ് ഒല. വ്യത്യസ്തയാണ് ഒലയെ ജനപ്രിയമാക്കുന്നതിന് പിന്നിലെ പ്രധാനകാരണവും. ഇപ്പോഴിതാ ഒലയുടെ ഏറ്റവും പുതിയതും വില കുറഞ്ഞതുമായ ഒല എസ് 1 എയർ വിപണിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ പർച്ചേഴ്‌സ് വിൻഡോ തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂവായിരത്തിൽ അധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്.
നിലവിൽ ഒല കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ പർച്ചേസ് വിൻഡോ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇതിലും അധികം ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ബുക്ക് ചെയ്തിട്ടുള്ളവർക്ക് 1.09 ലക്ഷം രൂപയിൽ എക്‌സ് ഷോറും വിലയിൽ വാഹനം സ്വന്തമാക്കാം.
രണ്ടാം ഘട്ട ബുക്കിംഗിൽ 10,000 രൂപയാണ് അധികമായി നൽകേണ്ടി വരുന്നത്. അഞ്ച് മണിക്കൂർ കൊണ്ട് വാഹനം ഫുൾ ചാർജാകും. കൂടാതെ ഫുൾ ചാർജിൽ 125 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 90 കിലോമീറ്ററാണ് ഒല എസ് 1 -ന്റെ ഏറ്റവും ഉയർന്ന വേഗത. മൂന്ന് റൈഡ് മോഡുകൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവ ഒല എസ് 1 എയറിനെ കൂടുതൽ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. മൂന്ന് കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഒല എസ് 1 എയറിൽ ഉള്ളത്. ഇന്ത്യയിൽ ഈ വാഹനം അവതരിപ്പിക്കുന്നത് ഓഗസ്റ്റ് മൂന്നിനാണ്.















