ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിച്ച ഹൈക്കോടതി വിധിയിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിയ്‌ക്കെതിരെ യുജിസിയും ചങ്ങനാശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയുടെയും ഹർജികളിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആറാഴ്ചത്തെ സമയം അനുവദിച്ചു. സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചാകും പ്രിയയുടെ നിയമനം.
അദ്ധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, കെ.വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ പ്രിയയ്‌ക്ക് ഒന്നാം റാങ്ക് നൽകിയത് യുജിസി ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആദ്യം വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് പ്രിയയ്‌ക്ക് അനുകൂല വിധി നൽകിയത്. തുടർന്ന് കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ രാജൻ സ്മാരക ക്യാമ്പസിൽ മലയാളം അസോസിയേറ്റ് പ്രഫസറായി ചുമതലയേറ്റിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ് .















