ദുബായ്: പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിൽ 33.7 കോടി യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. മെട്രോയിലാണ് കൂടുതൽ പേരും യാത്ര ചെയ്തത്. ദുബായ് എമിറേറ്റിലെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും പൊതുഗതാഗത സംവിധാനങ്ങൾ പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ആർടിഎ പുറത്തുവിട്ട കണക്കുകൾ.
ഓരോ വർഷവും പിന്നിടുമ്പോൾ വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദുബായ് മെട്രോ, ദുബായ് ട്രാം, ബസുകൾ, സ്മാർട് കാറുകൾ, ബസ് ഓൺ ഡിമാൻഡ്, ടാക്‌സികൾ, സമുദ്ര ഗതാഗത സംവിധാനങ്ങളായ അബ്രകൾ, ഫെറി, വാട്ടർ ടാക്‌സി, വാട്ടർ ബസ് എന്നിവ ഉപയോഗിച്ചവരുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2022 ജൂൺ വരെ ആറുമാസം 30.4 കോടി യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. നിലവിൽ ദിവസവും ശരാശരി 18.6 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷമിത് 16.8 ലക്ഷമായിരുന്നു. ദുബായ് മെട്രോയും ടാക്‌സിയുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നത്. ആകെ യാത്രക്കാരിൽ 36.5 ശതമാനം പേരും മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. 29 ശതമാനം യാത്രക്കാർ ദുബായ് ടാക്‌സി ഉപയോഗിച്ചവരാണ്. 24.5 ശതമാനം ആളുകളാണ് ബസ് യാത്രക്കാർ. ആറു കോടി പേരാണ് മാർച്ചിൽ മാത്രം പൊതുഗതാഗതം ഉപയോഗിച്ചു.
Comments