തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് നടി തമന്ന. താരത്തിന്റെതായി പ്രദർശനത്തിനൊരുങ്ങുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിലെ കാവാലാ എന്ന ഗാനം ഇതിനോടകം വലിയ ജനപ്രീതി നേടിയെടുത്തിരിക്കുകാണ്. സമൂഹ മാദ്ധ്യമങ്ങളിലും ഗാനം ട്രെൻഡിംഗാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ അവതാരകൻ തമന്നയോട് ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
അഭിനയിച്ച ചിത്രങ്ങളിൽ ഇനിയൊരിക്കലും കാണാനാഗ്രഹിക്കാത്ത സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇതിന് മറുപടിയായി തമന്ന പറഞ്ഞ ചിത്രം സുറയായിരുന്നു. വിജയ് നായകനായി 2010-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സുറ. എസ്.പി. രാജ്കുമാർ സംവിധാനം ചെയ്ത ചിത്രം സൺ പിക്‌ചേഴ്‌സ് ആയിരുന്നു നിർമ്മിച്ചത്. തമന്നയുടെ വാക്കുകൾ ഇങ്ങനെ..
‘ആ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് സുറ. പക്ഷേ ചിത്രത്തിൽ ഞാൻ വളരെ മോശമായാണ് അഭിനയിച്ചിരിക്കുന്നത്. ചില സീനുകളിൽ തീർത്തും മോശം. ഞാൻ ഉറപ്പു പറയുന്നു, ഇനി ഒരിക്കലും അങ്ങനെ അഭിനയിക്കില്ല. ഇതുപോലെ മോശമായി അഭിനയിച്ച പല സിനിമകളും ഉണ്ട്. അക്കൂട്ടത്തിൽ എനിക്ക് സുറയാണ് കാണാൻ മടിയുള്ള ചിത്രം. ഇപ്പോഴാണ് ആ ചിത്രം ചെയ്തിരുന്നതെങ്കിൽ അത്രയും മോശമായി ചെയ്യില്ലായിരുന്നു’ തമന്ന പറഞ്ഞു
Comments