രാമായണം ആരണ്യ കാണ്ഡത്തിൽ അവസാന ഭാഗത്ത് കണ്ടെത്തുന്ന ചില കഥാപാത്രങ്ങളാണ് ജഡായു, കബന്ധൻ, ശബരി എന്നിവർ.
സീതാദേവിയെ രാവണൻ കടത്തിക്കൊണ്ടുപോയ വിവരം രാമാദികളെ ആദ്യം അറിയിക്കുന്നത് ജഡായുവാണ്. രാവണനെ തടയാൻ ശ്രമിച്ച പോരാട്ടത്തിൽ ചിറകറ്റു വീണവനാണ് ജഡായു. ശ്രീരാമനെ വിവരമറിയിച്ച് രാമ വാത്സല്യം അറിയാൻ സീതാദേവി ജഡായുവിനെ അനുഗ്രഹിച്ചു. ശ്രീരാമദേവന്റെ തലോടൽ ഏറ്റുവാങ്ങിയായിരുന്നു സദ്ഗതി.ആത്മാനന്ദ ത്തോടുകൂടിയ സായൂജ്യവും സാരൂപ്യവും. ജടായുവിന്റെ ശരീരം ശ്രീരാമ നിർദ്ദേശാനുസൃതം അനുജൻ ലക്ഷ്മണൻ സംസ്കരിച്ചു. ശവസംസ്കാരകർമ്മത്തിന് നേതൃത്വം നൽകേണ്ടത് സ്വന്തക്കാരോ ബന്ധുക്കാരോ തന്നെയാവണമെന്നില്ലെന്ന് ഇത് തെളിയിക്കുന്നു.
പിന്നീട് പരിചയപ്പെടുന്ന കഥാപാത്രം കബന്ധനാണ്. ചിന്താസ്രോതസ്സ് നഷ്ടപ്പെട്ട യൗവനം. യൗവന ദർപ്പിതനായി സഞ്ചരിക്കുന്ന കാലത്താണ് അവൻ അഷ്ടാവക്ര മഹർഷിയെ അപഹസിച്ചത്. അക്കാലത്ത് ഒക്കെ “ക : ബന്ധ” എന്ന് അഹങ്കരിച്ചു നടക്കുകയായിരുന്നു. സ്വന്തം ബന്ധം എന്നതിനൊന്നും പ്രാധാന്യം കൊടുക്കാത്ത യൗവനം. കുക്ഷിയിൽ മാത്രം ബുദ്ധിയുള്ള സ്വാർത്ഥലോകം. അതാണ് ശിരസ്സു കുക്ഷിയിലാണ്. മഹാമായാ മോഹനമാകുന്ന അന്ധകാരത്തിൽ മൂടിപ്പോയ കബന്ധൻ. ഇതോർത്ത് കബന്ധൻ പിന്നീട് പശ്ചാത്തപിക്കുന്നു.ശ്രീരാമന്റെ ആയുധം ഏറ്റ് ശാപമോക്ഷം കിട്ടിയ കബന്ധം സീതാന്വേഷണത്തിന് സഹായകമായ നിർദ്ദേശത്തിനായി ശബര്യാശ്രമത്തിൽ ചെല്ലാൻ രാമാദികളെ പ്രേരിപ്പിച്ചു.
ശബരീദേവി കാലങ്ങളായി ശ്രീരാമനെ കാത്തു കഴിയുകയായിരുന്നു ശ്രീരാമൻ ചിത്രകൂടത്തിൽ എത്തിയിട്ടുണ്ടെന്നും പഞ്ചവടിയിൽ എത്തുമെന്നും സീതാന്വേഷണത്തിനായി ഈ ആശ്രമത്തിൽ വരുമെന്നും ശബരിയോട് ഗുരു മതംഗ മഹർഷി അറിയിച്ചിരുന്നു. ശ്രീരാമ ദർശനത്തിന് തനിക്ക് അവസരം ലഭിച്ചില്ലെങ്കിലും ശബരിക്ക് ആ അനുഗ്രഹത്തിലൂടെ ആ സായൂജ്യം ലഭ്യമാകും എന്നും ഗുരു വ്യക്തമാക്കിയിരുന്നു. ഗുരുവിന് ലഭിക്കാത്ത അവസരം ശിഷ്യയ്‌ക്ക് സംജാതമാകുന്നു. തുടർന്ന് നിത്യവും ശബരി പഴ വർഗ്ഗങ്ങൾ ശേഖരിച്ച് ഭഗവാനായി കാത്തിരിക്കുന്നു. മധുരവും ഗുണവും ഉറപ്പുവരുത്തിയാണ് ശബരി ഭഗവാന് സമർപ്പിക്കുന്നത്. ജാതിയോ ആചാരങ്ങളോ ശരീരശുദ്ധിയോ അല്ല ഭഗവത് സമർപ്പണത്തിന് പ്രധാനമായി വേണ്ടതെന്നു തെളിയിച്ച് ശബരി തന്റെ ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിച്ചു..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments