ഒട്ടാവ: 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയർ ട്രൂഡോയും വേർപിരിയുന്നു. ഇരുവരും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചത്. ‘അർത്ഥവത്തായ, പ്രയാസമേറിയ നിരവധി സംസാരങ്ങൾക്ക് ശേഷം, ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്’ എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
എപ്പോഴത്തെയും പോലെ, പരസ്പരം സ്നേഹവും ബഹുമാനവുമുള്ള ഒരു കുടുംബമായി തന്നെ തുടരുമെന്ന് ജസ്റ്റിൻ ട്രൂഡോ പോസ്റ്റിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് സോഫിയും ഷെയർ ചെയ്തിട്ടുണ്ട്. അതേസമയം മക്കളുടെ ക്ഷേമം കണക്കിലെടുത്ത് തങ്ങൾക്കാവശ്യമായ സ്വകാര്യത നൽകാൻ എല്ലാ കനേഡിയൻ പൗരന്മാരും തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. 15-കാരനായ സേവ്യർ , 14-കാരിയായ എല്ല-ഗ്രേസ്, 9-കാരനായ ഹാഡ്രിയൻ എന്നിവരാണ് മക്കൾ.
അതേസമയം ദമ്പതികൾ ഇരുവരും വേർപിരിയൽ കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ചതായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2005 മെയ് 28നായിരുന്നു മോൺട്രിയലിൽ വെച്ച് ജസ്റ്റിൻ ട്രൂഡോയും സോഫിയും വിവാഹിതരായത്. കഴിഞ്ഞ വർഷത്തെ വിവാഹ വാർഷികത്തിന് ശേഷം, ദാമ്പത്യം പ്രയാസമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ സോഫി പങ്കുവച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ദമ്പതികൾ ഇരുവരും ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയതും ഒട്ടാവയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും പ്രഥമ വനിത ജിൽ ബൈഡനെയും ഇരുവരും ചേർന്ന് സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്.
Comments