തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശം വൻ വിവാദത്തിലേക്ക് വഴിവെയ്‌ക്കുമ്പോൾ മൗനം പാലിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ നടന്ന മെഡിക്കൽ സമ്മേളന പരിപാടിയിലും വിഷയം പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നത്.
ശ്രിചിത്ര തിരുനാൾ ഫോർ മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിലായിരുന്നു വിവാദങ്ങൾ തൊടാതെയുള്ള രീതിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്‌ക്കായി ഉപയോഗപ്പെടുത്തണം. ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയാത്തതിനെ തുടർന്ന് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്‍എസ് ആവശ്യപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മൗനം. സർക്കാർ നിലപാട് അറിഞ്ഞതിനുശേഷം മറ്റു സമര നടപടികളിലേക്ക് നീങ്ങുമെന്ന് എൻഎസ്എസ് ഇന്ന് അറിയിച്ചിരുന്നു.
ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞേ തീരൂവെന്ന നിലപാടാണ് എൻഎസ്എസിന് ഇപ്പോഴുമുള്ളത്. ഷംസീറിന്റെ ന്യായവാദങ്ങൾ ഉരുണ്ട് കളിയാണെന്നാണ് എൻഎസ്എസിന്റെ വിമർശനം. ഹൈന്ദവ ജനതയുടെ മനസിനേറ്റ മുറിവുണക്കാൻ പ്രാപ്തമായ വാക്കുകളല്ല ഷംസീറിന്റെ മറുപടിയിൽ നിന്നും ലഭിച്ചതെന്നും സംഘടന പറഞ്ഞിരുന്നു. വിഷയത്തിൽ പാർട്ടി സെക്രട്ടറി നൽകിയ വിശദീകരണമോ ന്യായീകരണോ എൻഎസ്എസ് പരിഗണിക്കുന്നുമില്ല. ഇനി വിഷയത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാടെന്തെന്നും നടപടിയെന്തെന്നുമാണ് സംഘടന ഉറ്റുനോക്കുന്നത്.
Comments