കൊച്ചി: സിനിമാ സീരിയൽ താരം കൈലാസ് നാഥൻ (65) അന്തരിച്ചു. നോൺ ആൽക്കഹോളിക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായിയാണ് സിനിമാലോകത്തേക്ക് എത്തുന്നത്. മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ചിരഞ്ജീവി, ശങ്കർ, ശ്രീനാഥ്, നാസർ എന്നിവർക്കൊപ്പം ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പഠനം പൂർത്തിയാക്കിയ കൈലാസ് 1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഒരു ‘തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പർ ഹിറ്റായി മാറി. ‘പാലവനൈ ചോല’ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ തൊണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
‘സേതുരാമയ്യർ സിബിഐ’യിലെ സ്വാമിയായും ‘സ്വന്തമെന്ന പദത്തിലെ’ കൊച്ചു കുട്ടനായും ‘ഇരട്ടി മധുര’ത്തിലെ സുമനായും ‘ശ്രീനാരായണ ഗുരു’വിലെ ചട്ടമ്പി സ്വാമികളായും ‘ശരവർഷ’ത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു.
Comments