ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക്. ശനിയാഴ്ച പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കും. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരിക്കും പേടകം നിർണായക ഘട്ടത്തിലേക്ക് കടക്കുക. ചാന്ദ്ര ദൗത്യത്തിൽ മൂന്നിൽ രണ്ട് ഭാഗവും പേടകം വിജയകരമായി പിന്നിട്ടുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ശനിയാഴ്ചയോടെ കുതിപ്പ് തുടർന്നിട്ട് 22 ദിവസം പിന്നിടും. ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ. ഈ ദിവസമാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ലക്ഷ്യം വെയ്‌ക്കുന്നത്. നിലവിൽ ലൂണാർ ട്രാൻഫർ ട്രാജക്ടറിയിലൂടെയാണ് ചന്ദ്രയാൻ-3 നിലവിൽ കുതിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3 അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം ഉയർത്തുകയായിരിക്കും ചെയ്യുക.
നീണ്ട 17 ദിവസം ഭൂമിക്ക് ചുറ്റും വലം വെച്ചതിന് ശേഷം ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം നീങ്ങുന്നത്. ട്രാൻസ് ലൂണാർ ഇൻജക്ഷനിലൂടെയായിരുന്നു ഭ്രമണപഥം ഉയർത്തിയത്. രാത്രി പന്ത്രണ്ടിനും ഒന്നിനും ഇടയിൽ രാത്രി 20 മുതൽ 25 മിനിറ്റ് വരെ സമയം എടുത്തായിരുന്നു പ്രവർത്തനം പൂർത്തിയാക്കിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയർത്തിയാണ് ഭൂഗുരുത്വ വലയത്തിൽ നിന്ന് പുറത്തു കടന്നത്.
Comments