ചർമ സംരക്ഷണത്തിന്റെ ഭാഗമായി കണ്ണിൽ കാണുന്ന പലതരം ഉത്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതും അല്ലാത്തതുമായ ഉത്പന്നങ്ങൾ ഉപയോഗച്ചു നോക്കാനുള്ള ഒരു പരീക്ഷണശാലയായി നമ്മുടെ മുഖങ്ങൾ മാറി കഴിഞ്ഞിരിക്കുന്നു. എന്നാൽ എല്ലാ പരീക്ഷണങ്ങൾക്കും മുന്നോടിയായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ അറിഞ്ഞിരിക്കാം..
പല മിശ്രിതങ്ങൾ ചേർത്തായിരിക്കും നമ്മൾ ചർമ കാന്തിയ്‌ക്കും മറ്റുമായി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. ചർമ സംരക്ഷണത്തിനായി പ്രകൃതിദത്ത മാർഗങ്ങളാണ് നല്ലതെങ്കിലും നമ്മുടെ ശരീരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചില ചേരുവകളുമുണ്ട്. ഇതിനെ കുറിച്ചാണ് ഡെർമറ്റോളജിസ്റ്റും കോസ്‌മോറ്റോളജിസ്റ്റുമായ ഡോക്ടർ ഗുർവീൻ പറയുന്നത്. ചാടിക്കേറി ഓരോ ഉത്പന്നങ്ങൾ ചർമത്തിൽ ഉപയോഗിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
കരുവാളിപ്പകറ്റി മുഖക്കുരു ഇല്ലാതാക്കാൻ നാരാങ്ങാ നീരും ഗ്ലിസറിനും ചേർത്ത് പുരട്ടുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ഏത് ഉത്പന്നങ്ങൾ നമ്മുടെ ചർമത്തിൽ പുരട്ടിയാലും അതിന്റെ പിഎച്ച് ചർമത്തിന്റെ പിഎച്ചിന് സമാനമാകണം. സാധാരണയായി ചർമത്തിന്റെ പിഎച്ച് നില 5 ആണ്. ആൽക്കലൈൻ, അസിഡിക് സ്വഭാവം കൂടുതൽ ഉള്ള ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. നാരങ്ങയുടെ പിഎച്ച് നില 2 ആണ്. ഇതിന്റെ കൂടിയ അസിഡിക് സ്വഭാവം ചർമ്മത്തിന് ദോഷം വരുത്തുമെന്ന് വിദഗ്ധർ പറയുന്നു.















