വാഷിംഗ്ടൺ: 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച യുവതിയ്‌ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഇൻഡ്യാന സ്വദേശിയായ 35-കാരി ആഷ്‌ലി സമ്മേഴ്‌സാണ് മരണത്തിന് കീഴടങ്ങിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി ജലത്തിന്റെ അമിത അളവ് ചിലരിൽ വിഷമായി മാറും. ആ അവസ്ഥയാണ് ആഷ്‌ലിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം.
അമിതമായ അളവിൽ വെള്ളം ശരീരത്തിലെത്തുമ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷമായി മാറുന്ന ‘ഹൈപ്പോനട്രീമിയ’ എന്ന് അവസ്ഥയുണ്ടാകുന്നു. ഇതാണ് മരണകാരണമായി ആശുപത്രി അധികൃതർ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ വൃക്കയിൽ വെള്ളം നിലനിൽക്കുമ്പോഴാ ആണ് ഈ അവസ്ഥ സംഭവിക്കുന്നത്. പേശി വലിവ്, ഓക്കാനം, തലവേദന, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.
കഴിഞ്ഞ ദിവസം വാരാന്ത്യ ആഘോഷത്തിൽ ആഷ്‌ലി പങ്കെടുത്തിരുന്നു. കൊടും ചൂടിനെ അതിജീവിക്കാനായാണ് യുവതി രണ്ട് ലിറ്ററോളം വെള്ളം കുടിച്ചത്. 20 മിനിറ്റിനിടെ നാല് കുപ്പി വെള്ളം കുടിച്ചെന്നാണ് സുഹൃത്ത് പറഞ്ഞത്. ശരാശരി വെള്ളി കുപ്പിയിൽ 16 ഔൺസ് വെള്ളമാണ് ഉൾക്കൊള്ളുന്നത്. 64 ഔൺസ്, അതായാത് രണ്ട് ലിറ്റർ വെള്ളം 20 മിനിറ്റിനുള്ളിൽ കുടിച്ചു. പിന്നീട് വീട്ടിലെത്തിയ ഉടൻ തന്നെ ആഷ്‌ലി തലക്കറങ്ങി വീണു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മസ്തിഷ്‌ക വീക്കം കണ്ടെത്തി. ഇതിന് കാരണമെന്താണെന്ന് അറിയില്ലെന്ന് ആഷ്‌ലിയുടെ സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.
Comments