മലയാളിക്ക് മറക്കാനാകാത്ത ചിത്രമാണ് അത്ഭുദ്വീപ്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കഥകളെ പരീക്ഷിച്ച സംവിധായകൻ വിനയന്റെ എക്കാലവും ഓർത്തിരിക്കുന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നത് ഏവരും അറിഞ്ഞു. അത്ഭുദ്വീപ് എന്ന ചിത്രത്തിന്റെ കഥ പരിചിതമല്ലാത്ത ഒരു കുട്ടി പോലുമുണ്ടാകില്ല. കോമഡി ഫാന്റസി ഗണത്തിൽ വരുന്ന ചിത്രം വെള്ളിത്തിരയിൽ വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തേയും വൻവരവേൽപ്പോടെ തന്നെ മലയാളി സ്വീകരിക്കും എന്നതും ഉറപ്പാണ്. അതും മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണിമുകുന്ദനും സംഘവും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് മലയാളിക്ക് ഇരട്ടിമധുരമാകുകയാണ്.
ഇപ്പോൾ ഇതാ ചിത്രം വരാൻ പോകുന്നതിന്റെ സന്തോഷം ഉണ്ണിമുകുന്ദൻ തന്നെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ രണ്ടാ ഭാഗം പുറത്തിറങ്ങുന്നു എന്നത് നിങ്ങളെ ആവേശത്തിലെത്തിച്ചതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി പറഞ്ഞു. ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന് ശേഷം താനും അഭിലാഷ് പിള്ളയും ചേർന്ന് ചെയ്യുന്ന അടുത്ത ചിത്രമാണ് ഇതെന്നും, തങ്ങളുടെ കൂട്ടുകെട്ടിൽ നിന്നും നിരവധി സിനിമകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനയൻ സാറിന് വേണ്ടി ഒരു കഥ പറയാനാണ് അഭിലാഷ് തന്റെ അടുത്ത് വരുന്നത്, എന്നാൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ അത്ഭുതദ്വീപിന്റെ തുടർഭാഗം ചെയ്യാമെന്ന് താൻ ആവശ്യപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സംവിധായകൻ വിനയൻ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഉണ്ണി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായും നടൻ പക്രു (അജയൻ) വീണ്ടും നായകനായി എത്തുന്നതായും സംവിധായകൻ വിനയൻ മുൻപ് അറിയിച്ചിരിന്നു. 18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വിൽസണുമായുള്ള ചിത്രത്തിന് ശേഷം 2024-ൽ ഞങ്ങൾ അത്ഭുതദ്വീപിലെത്തും. ഇതായിരുന്നു സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.
മാളികപ്പുറത്തിലൂടെ ഹിറ്റ് കൂട്ടുകെട്ടായി മാറിയ ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും അത്ഭുതദ്വീപിനായി എത്തുന്നുവെന്നതും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 18 വർഷം മുന്നേ അത്ഭുതദ്വീപ് തീയേറ്ററിൽ കണ്ടപ്പോൾ സ്വപ്നത്തിൽ കരുതിയില്ല ഇതെന്നാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. 2024-ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചന നൽകുന്നത്.















