ഗയാന: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം മത്സരത്തിലും തോൽവി ചോദിച്ചുവാങ്ങി ഇന്ത്യ. രണ്ട് വിക്കറ്റിനായിരുന്നു നീലപ്പടയുടെ പതനം. ബാറ്റിംഗ് നിരയ്ക്ക് കാര്യമായി ഉയരാൻ സാധിക്കാത്തതാണ് ഇന്ത്യയുടെ തോൽവിയ്ക്ക് പിന്നിലെ കാരണം. ബാറ്റിംഗ് നിര വീണ്ടും കളിമറന്നതോടെ വിൻഡീസിന് കാര്യങ്ങൾ എളുപ്പമായി. ഇന്ത്യയുടെ വാലറ്റം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ വിൻഡീസ് വാലറ്റം അത് ഭംഗിയായി നിർവഹിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നാലാം ഓവറിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും (7) ടി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിനെയും (1) 18 റൺസിൽ 2 വിക്കറ്റ് എന്ന നിലയിൽ നഷ്ടമായി. ഇതോടെ ഇന്ത്യയുടെ തുടക്കം അപ്പാടെ പാളിപ്പോയി. ഓപ്പണർ എന്ന നിലയിൽ ശുഭ്മാൻ ഗിൽ വീണ്ടും പരാജയമായി. ടി20യിലെ മിസ്റ്റർ 360 സൂര്യകുമാർ യാദവും റൺസ് കണ്ടെത്താൻ പാടുപെട്ടതോടെ ആദ്യ ഓവറുകളിൽ ഇന്ത്യയുടെ സ്കോർ ബോർഡ് ഒച്ചിഴയും വേഗത്തിലായിരുന്നു നീങ്ങിയത്.
അവസരം കിട്ടിയിട്ടും ഐപിഎല്ലിലേത് പോലെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സഞ്ജുവിനും സാധിച്ചില്ല. കിട്ടിയ അവസരങ്ങളും താരം അനാവശ്യഷോട്ട് കളിച്ച് പാഴക്കി. രണ്ടാം ടി20യിൽ തിലക് വർമ്മയും (51) ഇഷാൻ കിഷനും (27) ചേർന്ന് ഒരുക്കിയ 42 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഏക തിളക്കം. എന്നാൽ യശ്വസി ജയ്സ്വാളിന് അവസരം നൽകാൻ തയ്യാറാക്കാത്ത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.
ബാറ്റിംഗിലെ കനത്ത പരാജയം ബൗളിംഗിലും ഇന്ത്യയ്ക്ക് വിനയായി. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ബൗളർമാരെ കൈകാര്യം ചെയ്യുന്നതിൽ അമ്പേ പരാജയപ്പെട്ടന്നാണ് ആരാധകർ പറയുന്നത്. മനോഹരമായി പന്തെറിയുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത യൂസ്വേന്ദ്ര ചാഹലിനെ നാല് ഓവർ പൂർത്തിയാക്കാൻ ഹാർദിക് അനുവദിച്ചില്ല. മാത്രമല്ല, അക്സർ പട്ടേലിന് പന്തെറിയാൻ അവസരം നൽകിയതുമില്ല. നാല് ഓവർ എറിഞ്ഞ മറ്റൊരു സ്പിന്നറായ രവി ബിഷ്ണോയ് വിക്കറ്റുകളും വീഴ്ത്തിയില്ല. ഇതോടെയാണ് ആരാധകർ ഹാർദിക്കിനെതിരെ തിരിഞ്ഞത്.
Comments