ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച 90-ലധികം പാകിസ്താൻ-തെഹ്രീകെ -ഇ-ഇൻസാഫ് പ്രവർത്തകർ അറസ്റ്റിൽ.
തങ്ങളുടെ പാർട്ടി നേതാവിനെ ജയിലിലടച്ച തിനെതിരെ ഖൈബർ പഖ്തൂങ്ക്വായിലും കർണാൽ ഷെർഖാൻ ചൗക്കിലും സ്വാബിയിലും പ്രതിഷേധ പ്രകടനം നടത്തിയതിനാണ് പിടിഐയുടെ 90 ലധികം പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്.
സംഘടനയ്‌ക്കും രാഷ്‌ട്രീയത്തിനും വേണ്ടി പ്രവർത്തിച്ച ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഈ നടപടി സ്വീകരിച്ചതെന്നും സെഷൻസ് കോടതിയുടെ വിധി രാജ്യം മുഴുവൻ തള്ളിക്കളഞ്ഞെന്നും പിടിഐ
പറഞ്ഞു. അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇസ്ലാമാബാദിൽ വെച്ച് മെയ് 9-ന് അറസ്റ്റിലായ ഇമ്രാൻ ഖാന്റെ ആദ്യ അറസ്റ്റിന് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഇമ്രാൻ ഖാന്റെ അടുത്ത അറസ്റ്റ്.
ഓഗസ്റ്റ് അഞ്ചിനാണ് തോഷഖാന കേസിൽ മുൻ പാക് പ്രധാനമന്ത്രിയും തെഹ്രീകെ-ഇ-ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. 2018-2022 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരിക്കെ അധികാര പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇമ്രാനെതിരായുള്ള കുറ്റം.
വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പ്രധാനമന്ത്രിയ്‌ക്ക് ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ മറിച്ചുവിറ്റുവെന്നതാണ് കേസ്. ഏകദേശം 140 മില്യൺ രൂപ വിലമതിയ്‌ക്കുന്ന സമ്മാനങ്ങളാണ് ഇമ്രാൻ ഖാൻ മറിച്ചുവിറ്റതെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments