റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം നിൽക്കെ കേരളക്കരയിലും ജയിലർ തരംഗം. ഓഗസ്റ്റ് 10-ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം വാനോളം പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്ക് നൽകുന്നത്. തലൈവർ രജനിയുടെ മാസ്സും താരരാജാവ് മോഹൻലാലിന്റെ എൻട്രിയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നെൽസൺ സംവിധാനം ചെയ്ത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് ഒരു രജനി ചിത്രം തിയറ്ററിൽ ആവേശം തീർക്കാൻ എത്തുന്നത്. കേരളത്തിൽ 300-ൽ അധികം തിയറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്. ആദ്യം ദിവസം തന്നെ അത്ഭുതകരമായ ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പോസിറ്റീവ് റിപ്പോർട്ടു കൂടിയാണ് സിനിമയ്‌ക്ക് ലഭിക്കുന്നതെങ്കിൽ തിയറ്ററുകളുടെയും ഷോകളുടെയും എണ്ണം കൂടുമെന്ന് ഉറപ്പ്. അതിരാവിലെയുള്ള ഷോകൾ പോലും രജനി- മോഹൻലാൽ ആരാധകർ ബുക്ക് ചെയ്ത് കഴിഞ്ഞു.
റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ കേരളത്തിലെ പ്രധാനപ്പെട്ട തിയറ്ററുകളിൽ എല്ലാം തന്നെ ഹൗസ്ഫുൾ ഷോ ഉറപ്പായി. ചിത്രത്തിനായി ഗോകുലം മൂവീസിന്റെ ഗംഭീര പ്രൊമോഷനും നടക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകൾ ഹൗസ്ഫുളിലേക്കാണ് കുതിക്കുന്നത്. തമിഴകത്ത് മാത്രമല്ല, കേരളത്തിലും വലിയ സ്വീകരണമാണ് രജനികാന്ത് ആരാധകർ ജയിലറിന് നൽകുന്നത്. ജാക്കി ഷെറോഫ്, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു, രമ്യ കൃഷ്ണൻ, വിനായകൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം ശിവ രാജ്കുമാർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ജയിലറിനുണ്ട്.
Comments