റാഞ്ചി: ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാണ് എംഎസ് ധോണി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ താരത്തിന്റെ ആരാധക വ്യന്ദത്തിലുണ്ട്. ആരാധകരോട് എന്നും സൗമ്യമായി പെരുമാറുന്ന ക്രിക്കറ്ററാണ് ധോണി. ഇപ്പോൾ ഇതാ തന്റെ ആരാധകന് ചിത്രമെടുക്കാൻ വേണ്ടി വാഹനം നിർത്തികൊടുത്ത ധോണിയുടെ വാർത്തകളാണ് സമൂഹമാദ്ധ്യമത്തിൽ നിറയുന്നത്. റാഞ്ചിയിൽ വെച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ധോണിയ്ക്കൊപ്പം എടുത്ത സെൽഫീയാണ് ഇത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോടൊപ്പമുള്ള ക്യാപ്റ്റൻ കൂളിന്റെ ചിത്രം വളരെ വേഗം സാമൂഹ്യമാദ്ധ്യമത്തിൽ തരംഗമായി. വരാനിരിക്കുന്ന സീസണിലെ പരിശീലനത്തിനായി റാഞ്ചി ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ എത്തിയ ധോണി ഫോട്ടോ എടുക്കാനായി വാഹനം നിർത്തികൊടുക്കുകയായിരുന്നു.
റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ധോണിക്കൊപ്പം ചിത്രമെടുത്തത്. പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതും. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് ചിത്രത്തിന് അഭിപ്രായങ്ങളും സന്തോഷവും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ തന്റെ ആഗ്രഹം പറഞ്ഞപ്പോൾ മടികൂടാതെ ധോണി സമ്മതിക്കുകയായിരുന്നു. ആരാധകന്റെ ആഗ്രഹത്തിനായി കാർ നിർത്തിക്കൊടുത്ത ധോണിയുടെ മനസിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ധോണി പടിയിറങ്ങിയെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായി ധോണി തിളങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ചെന്നൈ വീണ്ടും കിരീടം നേടിയതോടെ ഐപിഎല്ലിന്റെ 2024 സീസണിലും ധോണി കളിക്കണമെന്ന് ആവശ്യവും ഉയർന്നിരിക്കുകയാണ്. ഐപിഎൽ തിരക്കുകൾ ഒഴിഞ്ഞതിനാൽ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് താരം ഇപ്പോൾ താമസം. ആരാധകരോട് ക്ഷമയോട് കൂടി പെരുമാറുന്ന താരത്തിന്റെ വിശേഷങ്ങളും വാർത്തകളും മുമ്പും സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.















