ഡൽഹി: മണിപ്പൂർ ഇന്നില്ലെന്നും അത് രണ്ടായി വിഭജിച്ചു പോയെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ ലോക്സഭയിൽ തുറന്നടിച്ച് സ്മൃതി ഇറാനി. മണിപ്പൂരിൽ ഭാരത മാതാവ് കൊല്ലപ്പെട്ടുവെന്നും ബിജെപി രാജ്യദ്രോഹികളാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെയാണ് പ്രതിപക്ഷത്തെയും രാഹുലിനെയും കടന്നാക്രമിച്ചു കൊണ്ടുള്ള സ്മൃതി ഇറാനിയുടെ പ്രസംഗം. മണിപ്പൂർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് ഒരിക്കലും തകർന്നിട്ടില്ല, ഒരിക്കലും തകരുകയുമില്ല. ഭാരതമാതാവ് കൊലചെയ്യപ്പെട്ടു എന്ന് പറയുന്നതിന് ആരും കയ്യടിക്കില്ല, അങ്ങനെ കയ്യടിച്ചവരുടെ ഉള്ളിൽ മുഴുവൻ രാജ്യദ്രോഹമാണെന്നും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് സ്മൃതി തുറന്നടിച്ചു.
‘ലോക്സഭയിൽ നിന്ന് ഓടിയൊളിച്ചവർ ഇത് കേൾക്കണം. നിങ്ങൾ ഇന്ത്യയല്ല, കാരണം ഇന്ത്യ അഴിമതിയല്ല. ഇന്ത്യ കുടുംബ ഭരണത്തിലല്ല, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്. ബ്രിട്ടീഷുകാരോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും പറയുകയാണ്, ക്വിറ്റ് ഇന്ത്യ. അഴിമതി ക്വിറ്റ് ഇന്ത്യ, രാജവംശം ക്വിറ്റ് ഇന്ത്യ. മണിപ്പൂരിൽ ഭാരതം കൊല്ലപ്പെട്ടുവെന്നാണ് രാഹുൽ പറഞ്ഞത്. ഭാരതമാതാവ് കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് കയ്യടിച്ച് അഭിനന്ദിച്ചു. ഇതിന് കോൺഗ്രസിന് രാജ്യം മാപ്പ് നൽകില്ല. മണിപ്പൂർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് ഒരിക്കലും വിഭജിക്കപ്പെടില്ല’.
’90-കളിൽ തങ്ങൾ നേരിട്ട അതിക്രമങ്ങൾക്ക് നീതിക്കായി കാശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും കാത്തിരിക്കുകയാണ്. കോൺഗ്രസ് ഇതോർക്കുന്നത് നല്ലതാണ്. അടിയന്തരാവസ്ഥയും 1984-ലെ സിഖ് വിരുദ്ധ കലാപവും കശ്മീരിലുണ്ടായ അശാന്തിയുമെല്ലാം ഓർക്കണം. കശ്മീരിനെ കുറിച്ചുള്ള സത്യം പ്രതിപക്ഷം കേൾക്കാൻ ആഗ്രഹിക്കുന്ന പോലുമില്ല. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്ക്കിടെ പ്രായപൂർത്തിയാകാത്ത ഗിരിജ ടിക്കൂ എന്ന കശ്മീരി പണ്ഡിറ്റ് വനിത ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. അവരുടെ ദുഃഖം മുന്നിലേക്ക് വരുമ്പോൾ അത് പ്രചാരണമാണെന്നാണ് കോൺഗ്രസ് പറയുന്നത്’.
‘മണിപ്പൂർ വിഷയത്തിൽ സംവാദത്തിന് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആവർത്തിച്ച് പറഞ്ഞു. പക്ഷെ, പ്രതിപക്ഷം അതിൽ നിന്ന് ഒളിച്ചോടി പോയി. ഞങ്ങൾ അത് ചെയ്തില്ല. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും രാഹുൽ സഭയിൽ നിന്നും പോയികഴിഞ്ഞു. രാഹുൽ രാജസ്ഥാനിലേക്കാണ് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച സ്ഥലത്തേയ്ക്ക്. അവിടെ അദ്ദേഹം നീതി ആവശ്യപ്പെടുന്നില്ല. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നാണ് രാഹുൽ ഗാന്ധി പഞ്ഞത്. എന്നാൽ ഓടിപ്പോയവർ കേട്ടോളൂ, ആർട്ടിക്കിൾ 370 ഒരിക്കലും പുനഃസ്ഥാപിക്കാനും പോകുന്നില്ല, കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടാനും പോകുന്നില്ല’- സ്മൃതി ഇറാനി തുറന്നടിച്ചു.
Comments