2023ലെ ഏഷ്യാ കപ്പിനും അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്കുമുളള ഏകദിന പരമ്പരയ്‌ക്കുമുള്ള പാകിസ്താൻ ടീമിനെ പിസിബി പ്രഖ്യാപിച്ചു. ഷാൻ മസൂദിനെയും ഇഹ്സാനുള്ളയെയും ടീമിൽ നിന്ന് ഒഴിവാക്കി. ഓൾറൗണ്ടർ ഇമാദ് വസീമിന് ടീമിൽ ഇടം കണ്ടെത്താനായില്ല.
2021 ജൂലൈയിൽ പാക്കിസ്താനുവേണ്ടി അവസാനമായി ഏകദിനം കളിച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ഫഹീം അഷ്റഫ് രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിൽ തിരിച്ചെത്തി. എമർജിംഗിൽ ഇന്ത്യ എ ടീമിനെതിരെ സെഞ്ച്വറി നേടിയ മധ്യനിര ബാറ്റർ തയ്യബ് താഹിറിനെ ഏഷ്യാ കപ്പ് ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ പാക് ക്രിക്കറ്റ് താരം റാഷിദ് ലത്തീഫ് പാകിസ്താൻ പേസർമാരുടെ ലിസ്റ്റ്-എയിലെ മികച്ച പ്രകടനം നടത്തിയവരുടെ പേരുകൾ പങ്കുവച്ചപ്പോഴും ഷാനവാസ് ദഹാനിയെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിൽ രോഷാകുലനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും റാഷിദ് ലത്തീഫിനെയും പരിഹസിച്ച് ഷാനവാസ് ദഹാനി രംഗത്തെത്തി.
‘ഇത്് കണ്ടാൽ ഷാനവാസ് ദഹാനി പാകിസ്താൻ പേസറല്ലെന്ന് തോന്നും, ഇവിടത്തെ മാദ്ധ്യമപ്രവർത്തകർ ഇതൊന്നും ചോദ്യം ചെയ്യില്ല. സെലക്ടർമാരോട് അവർ വാ തുറന്ന് ഒന്നും ചോദിക്കില്ല’. പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും റാഷിദ് ലത്തീഫിനെയും വിമർശിച്ച ട്വീറ്റ് ഇങ്ങനെ. പ്രസ്താവന വിവാദമായതോടെ താരം ഇത് പിൻവലിച്ച് തടിയൂരി. എന്നാൽ ക്രിക്കറ്റ് ബോർഡിനെ പരസ്യമായി വിമർശിച്ച താരത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Comments