‘പോർ തൊഴിൽ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശരത്കുമാർ നായക വേഷത്തിലെത്തുന്ന ചിത്രമാണ് പരംപൊരുൾ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ശരത്കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. സെപ്തംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
പോർ തൊഴിലിന്റെ വിജയത്തിളത്തിലിരിക്കവെയാണ് പരംപൊരുളിന്റെയും വരവ്. സി അരവിന്ദ് രാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ അമിതാഷാണ് ശരത്കുമാറിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. എസ് പാണ്ടികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ക്രൈം ത്രില്ലർ ചിത്രമായ’പോർ തൊഴിൽ’ ഇതിനോടകം ഒടിടിയിൽ എത്തിയിട്ടുണ്ട്. വിഘ്നേശ് രാജയും ആൽഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. അശോക് സെൽവൻ, നിഖില വിമൽ, നിഴൽഗൽ രവി, ശരത് ബാബു, സുനിൽ സുഖദയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.















